ബജറ്റിലേക്ക് കണ്ണുംനട്ട് കേരളത്തിലെ മധ്യവർഗം…

തിരുവനന്തപുരം: ആദായ നികുതിയിൽ ഇളവുകൾക്ക് കൂടുതൽ സാധ്യതയുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ കേരളത്തിലെ മധ്യവർഗം. 12 ലക്ഷമെന്ന വാർഷിക വരുമാന പരിധിയിൽ മാറ്റങ്ങളുണ്ടാകുമോ എന്നാണ് ആകാംക്ഷ. ദമ്പതികൾക്ക് സംയുക്ത റിട്ടേൺ ഫയൽ ചെയ്യാൻ അവസരം നൽകിയാൽ അത് ജനപ്രിയ പ്രഖ്യാപനങ്ങളിൽ ഒന്നായി മാറുമെന്ന പ്രതീക്ഷയാണ് വിദഗ്ധർ പങ്കുവയ്ക്കുന്നത്.
ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിൽ കണ്ണും നട്ടിരിപ്പാണ് കേരളത്തിലെ മധ്യവർഗം. തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ ആദായ നികുതി ഇളവുകൾക്ക് സാധ്യത ഉണ്ടോ എന്നതാണ് ആകാംക്ഷ. കഴിഞ്ഞ വർഷത്തെ ബജറ്റിൽ ഉണ്ടായ വൻ പ്രഖ്യാപനങ്ങളുടെ തുടർച്ച ഇത്തവണ കാണുമോ. 12 ലക്ഷം വരെ വാർഷിക വരുമാനം ഉള്ളവരെ ആദായ നികുതിയിൽ നിന്ന് കഴിഞ്ഞ തവണ ഒഴിവാക്കിയെങ്കിൽ ഇത്തവണ അത് 13 ലക്ഷം വരെയെങ്കിലും ഉയർത്തിയേക്കുമെന്ന സൂചനകളുണ്ട്. ശമ്പള വരുമാനക്കാരുടെ 75000 സ്റ്റാൻഡേഡ് ഡിഡക്ഷൻ ഒരു ലക്ഷമാക്കി മാറ്റുമെന്ന പ്രതീക്ഷയും വിദഗ്ദർക്കുണ്ട്. ഇതുവഴി പുതിയ നികുതി സമ്പ്രദായത്തിലേക്ക് കൂടുതൽ പേരെ എത്തിക്കാനും കഴിയും.




