അങ്കമാലിയിൽ 21കാരിയുടെ മരണത്തിൽ ആൺസുഹൃത്തിനെതിരെ പരാതി…

കൊച്ചി: എറണാകുളം അങ്കമാലിയില്‍ 21കാരിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ആണ്‍സുഹൃത്തിന്‍റെ മാനസിക പീഡനമാരോപിച്ച് കുടുംബം. കുട്ടിയുടെ കുടുംബം സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ യുവാവിനെതിരെ തെളിവുകള്‍ കിട്ടിയിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം.

ചെറിയ കാര്യങ്ങളുടെ പേരില്‍ പോലും തന്നെ സംശയിക്കുന്ന ആണ്‍സുഹൃത്തിനെ കുറിച്ച് ജിനിയ കൂട്ടുകാരിക്ക് ഇൻസ്റ്റഗ്രാമിൽ അയച്ച ശബ്ദ സന്ദേശം പുറത്ത് വന്നിരുന്നു. അടുത്ത കൂട്ടുകാരോട് ഫോണില്‍ സംസാരിക്കുന്നതിന്‍റെ പേരില്‍ പോലും ആണ്‍സുഹൃത്തില്‍ നിന്ന് ശകാരമേല്‍ക്കേണ്ടി വന്നിരുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ജിനിയ കൂട്ടുകാരിയുമായി നടത്തിയ ആശയ വിനിമയങ്ങളെല്ലാം.

‘ഒരു കോള് പോലും ബിസിയാകാൻ പാടില്ല, ബിസി ആയാൽ ഞാൻ കാമുകനെ വിളിക്കുകയാണ് എന്ന് പറയും, എനിക്ക് മടുത്തെടീ. ആ കിടന്നുറങ്ങനതാണ് ഞാൻ, അതിന്‍റെ ബാക്കിൽ ഒരു മനുഷ്യനെ പോലെ കാണുന്നു എന്നാണ് പറയുന്നത്. അത് ശരിക്കും ഒരു മനുഷ്യനെപ്പോലെ തോന്നിക്കണോടീ. ഇവൻ വന്ന ശേഷം എന്‍റെ ലൈഫിൽ ഒറ്റ ഫ്രണ്ട്സ് ഇല്ല, ഗേൾസ് പോലുമില്ല’-എന്നാണ് ജിനിയ തന്‍റെ കൂട്ടുകാരിക്ക് അയച്ച ഓഡിയോ സന്ദേശം.

അങ്കമാലിയിലെ സ്വകാര്യ ലാബില്‍ ടെക്നീഷ്യനായിരുന്ന ജിനിയ ജോസ് എന്ന ഇരുപത്തിയൊന്നുകാരിയെ ഈ മാസം ഏഴാം തീയതിയാണ് വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചാലക്കുടി സ്വദേശിയായ ആണ്‍സുഹൃത്തില്‍ നിന്ന് മാനസിക പീഡനത്തിനു പുറമേ ജിനിയയ്ക്ക് ശാരീരിക ആക്രമണവും നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് കുടുംബത്തിന്‍റെ ആരോപണം.

ജിനിയ ജോലി ചെയ്യുന്ന ലാബില്‍ ചെന്നുപോലും ആണ്‍സുഹൃത്ത് മര്‍ദ്ദിച്ചിട്ടുണ്ടെന്ന കാര്യം കുടുംബം അറിഞ്ഞത് ജിനിയയുടെ മരണത്തിനു ശേഷം മാത്രമാണ്. രാവിലെ സന്തോഷത്തോടെയാണ് മകൾ വീട്ടിൽ നിന്നും ജോലിക്ക് പോയതെന്നും വല്ലവരുടേയും മർദ്ദനം വാങ്ങി എന്‍റെ കുഞ്ഞിന് മരിക്കേണ്ടി വന്നുവെന്നും ജിനിയയുടെ അമ്മ പറയുന്നു. മോളെ ആരാണ് തല്ലിയത്, എന്താനാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്ന് അറിയണം. എന്റെ മോൾ ആരെയും ചീത്ത പറയുകയോ, വഴക്കുണ്ടാക്കുകയോ ചെയ്യുന്ന ആളല്ല. പിന്നെ എന്തുകൊണ്ടാണ് ജോലി ചെയ്യുന്ന സ്ഥലത്ത് ചെന്ന് ഒരാൾ ആക്രമിച്ചതെന്ന് അറിയണം- പിതാവ് പറയുന്നു.

Related Articles

Back to top button