അച്ഛന് രാജ്യം നല്‍കുന്ന ഈ ആദരത്തില്‍ വലിയ അഭിമാനമുണ്ട് വി എ അരുണ്‍ കുമാര്‍…

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍ ലഭിച്ചതില്‍ പ്രതികരിച്ച് മകന്‍ വി എ അരുണ്‍ കുമാര്‍. അച്ഛനെ സംബന്ധിച്ച്, ഈ നാടിന്റെ പച്ചപ്പും പാവപ്പെട്ടവന്റെ കണ്ണീരൊപ്പുന്ന നീതിയുമാണ് ഏറ്റവും വലിയ ബഹുമതിയെന്നും കേരളത്തിലെ ഓരോ തെരുവിലും ആ മനുഷ്യന്‍ നടന്നുകയറിയത് പുരസ്‌കാരങ്ങള്‍ ലക്ഷ്യം വെച്ചല്ല, മറിച്ച് താന്‍ വിശ്വസിക്കുന്ന രാഷ്ട്രീയത്തിന് വേണ്ടിയാണെന്നും വി എ അരുണ്‍ കുമാര്‍ പറഞ്ഞു. ‘അച്ഛനും അംഗീകാരങ്ങളും; ജനഹൃദയങ്ങളിലെ ‘പത്മ’പുരസ്‌കാരം’ എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

ഒരു മകന്‍ എന്ന നിലയില്‍ അച്ഛന്റെ ദശാബ്ദങ്ങള്‍ നീണ്ട പൊതുപ്രവര്‍ത്തനത്തിന് രാജ്യം നല്‍കുന്ന ഈ ആദരത്തില്‍ വലിയ അഭിമാനമുണ്ടെന്നും വി എ അരുണ്‍ കുമാര്‍ പറഞ്ഞു. പുന്നപ്ര-വയലാര്‍ സമരത്തിന്റെ കനല്‍വഴികളിലൂടെ നടന്നുതുടങ്ങിയതാണ് അച്ഛന്റെ രാഷ്ട്രീയ ജീവിതം. ജയിലറകളിലെ മര്‍ദ്ദനമുറകളോ, അധികാരത്തിന്റെ പ്രലോഭനങ്ങളോ അദ്ദേഹത്തെ ഒരിക്കലും ബാധിച്ചിട്ടില്ല. കേരളത്തിലെ സാധാരണക്കാരായ മനുഷ്യര്‍ക്ക് വേണ്ടി, പരിസ്ഥിതിക്ക് വേണ്ടി, സ്ത്രീകളുടെ നീതിക്ക് വേണ്ടി അദ്ദേഹം നടത്തിയ പോരാട്ടങ്ങളാണ് അദ്ദേഹത്തിന്റെ ജീവിതരേഖ. ആ പോരാട്ടങ്ങള്‍ക്കൊന്നും അദ്ദേഹം ഒരു പുരസ്‌കാരവും പ്രതീക്ഷിച്ചിരുന്നില്ലെന്നും വി എ അരുണ്‍ കുമാര്‍ പറഞ്ഞു.

Related Articles

Back to top button