അറിയാത്ത കാര്യങ്ങളിൽ പ്രതികരിക്കാൻ ഇല്ല; തരൂർ വിഷയത്തിൽ പ്രതികരിക്കാതെ വി.ഡി സതീശൻ

ഡോ. ശശി തരൂർ എംപി ഇടതുപക്ഷത്തിലേക്ക് നീങ്ങുന്നെന്ന വാർത്തകളിൽ പ്രതികരിക്കാതെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അറിയാത്ത കാര്യങ്ങളിൽ പ്രതികരിക്കാൻ ഇല്ലെന്ന് വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ വ്യവസായിയുമായി ദൂബൈയിൽ ചർച്ച നടന്നതായാണ് പ്രചരണം. ഇടതുപക്ഷ നിലപാട് സ്വീകരിച്ചാൽ തരൂരിനെ സ്വീകരിക്കുമെന്ന എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണന്റെ പ്രതികരണം പ്രചരണത്തിന് ശക്തി പകർന്നിട്ടുണ്ട്.
കോൺഗ്രസുമായി ഇടഞ്ഞുനിൽക്കുന്ന ഡോ.ശശി തരൂർ,പുതിയ രാഷ്ട്രീയ സാധ്യത തേടുന്നതിൻെറ ഭാഗമായാണ് ഇടതുമുന്നണിയുമായി ചർച്ച നടത്തുന്നത്. നേതാക്കളുമായി നേരിട്ട് ചർച്ച നടന്നതായി ഇതുവരെ സൂചനയില്ല.എന്നാൽ എമിറേറ്റ്സ് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനായി ദൂബൈയിലുളള തരൂർ അവിടെ വെച്ച് മുഖ്യമന്ത്രിയോട് അടുപ്പമുളള വ്യവസായിയുമായ ചർച്ച നടത്തിയെന്നാണ് പ്രചരണം. തരൂർ ഇടതുമുന്നണിയേലേക്കെന്ന പ്രചരണത്തിന് ശക്തിപകരുന്ന പ്രതികരണമാണ് മുന്നണി നേതൃത്വത്തിൽ നിന്ന് ഉണ്ടായത്.
ഈമാസം 19ന് കൊച്ചിയിൽ നടന്ന മഹാ പഞ്ചായത്ത് പരിപാടിയിൽ നേരിട്ട അവഗണനയാണ് ശശി തരൂരും കോൺഗ്രസ് നേതൃത്വവുമായുളള ബന്ധം വീണ്ടും വഷളാക്കിയത്. പ്രതിഷേധ സൂചകമായി, ചൊവ്വാഴ്ച നടക്കുന്ന കോൺഗ്രസ് ഇലക്ഷൻ കമ്മിറ്റിയിൽ നിന്ന് വിട്ടുനിൽക്കാനും തരൂർ തീരുമാനിച്ചിരുന്നു. അനുനയത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധി തന്നെ തരൂരുമായി സംസാരിക്കാനിരിക്കുമ്പോഴാണ് ഇടതു മുന്നണിയുമായി അടുക്കുന്നു എന്ന പ്രചരണവും വന്നത്.




