മനുഷ്യ ജീവന്റെ വിലയുള്ള ഗൗരവമേറിയ കാര്യം; ബിസ്മീറിന്റെ മരണത്തിൽ ടി സിദ്ദിഖ്

ചികിത്സ ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ടി സിദ്ദിഖ് എംഎൽഎ. പൊതുജനാരോഗ്യം വെറുമൊരു പ്രസംഗ വിഷയമല്ലെന്നും അത് മനുഷ്യ ജീവന്റെ വിലയുള്ള വളരെ ഗൗരവമേറിയ കാര്യമാണെന്നും ടി സിദ്ദിഖ് പറഞ്ഞു. അത്യാഹിത ചികിത്സ എന്നത് ദയയോ ഉപകാരമോ അല്ല. അത് ഓരോ പൗരന്റെയും അടിസ്ഥാന അവകാശമാണെന്നും ടി സിദ്ദിഖ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
നെഞ്ചുവേദനയുമായി എത്തുന്ന രോഗിക്ക് പ്രാഥമിക പരിശോധന, സിപിആര്‍, ആവശ്യമായ മരുന്നുകള്‍, പരിശീലനം ലഭിച്ച ആരോഗ്യപ്രവര്‍ത്തകരുടെ സാന്നിധ്യം ഇവ ലഭ്യമാക്കണം. ഇവ ഇല്ലെങ്കില്‍ അത് സിസ്റ്റത്തിന്റെയും , അതിനെ നയിക്കുന്നവരുടെയും പരാജയമാണെന്ന് സിദ്ദിഖ് പറഞ്ഞു. മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തതുകൊണ്ട് മാത്രം ഒരു ആശുപത്രിക്ക് ഉത്തരവാദിത്വം അവസാനിക്കുന്നില്ല. രോഗിയെ കൈമാറുന്നതുവരെ ജീവന്‍ സംരക്ഷിക്കേണ്ട ബാധ്യതയും ആംബുലന്‍സില്‍ ആവശ്യമായ മെഡിക്കല്‍ പിന്തുണ ഉറപ്പാക്കേണ്ട കടമയും ഭരണകൂടത്തിനുണ്ട്. അതില്‍ പരാജയപ്പെടുന്നത് വെറും അനാസ്ഥയല്ല. ഭരണപരമായ കുറ്റകൃത്യമാണെന്നും സിദ്ദിഖ് പറഞ്ഞു.
ഇത്തരമൊരു മരണത്തിന് ശേഷം പതിവ് പ്രസ്താവനകളും അന്വേഷണ വാഗ്ദാനങ്ങളും മതിയാകില്ല. ആരാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്, എന്തുകൊണ്ട് അടിയന്തര ഇടപെടലുകള്‍ നടന്നില്ല തുടങ്ങിയ കാര്യങ്ങളില്‍ അടക്കം വ്യക്തമായ ഉത്തരങ്ങള്‍ പറഞ്ഞേ തീരൂ. കുറ്റക്കാര്‍ക്കെതിരെ നിയമപരമായ നടപടി ഉണ്ടാകണം. പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ വിശ്വാസത്തിന്റെ ഇടങ്ങളാകണം. ഭയത്തിന്റെ ഇടങ്ങളാകരുത്. ഈ അനാസ്ഥക്ക് ശക്തമായ നടപടി ഉണ്ടായില്ലെങ്കില്‍, അടുത്ത ബിസ്മീര്‍ ആരായിരിക്കും എന്ന ചോദ്യമാണ് നമ്മുടെ മുന്നിലുള്ളത്. ഇനിയൊരു കുടുംബത്തിനും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകരുതെന്നും ടി സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.




