വി കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തൽ ഗൗരവമേറിയത്; ക്രിമിനൽ കുറ്റമാണ് എംഎൽഎ ചെയ്തത്,  ഒ.ജെ.ജനീഷ്

വി കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തൽ ഗൗരവമേറിയതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഒ.ജെ.ജനീഷ്. രക്തസാക്ഷിത്വങ്ങളെ സിപിഐഎം ധനസമാഹരണത്തിന് ഉപയോഗിക്കുന്നു. ഒരു കോടിയിൽ അധികം രൂപ പിരിച്ചെടുത്തു. ഭൂരിഭാഗം തുകയും മധുസൂദനൻ എംഎൽഎ അപഹരിച്ചു. ഇത് പാർട്ടിയുടെ ആഭ്യന്തര പ്രശ്നമല്ല. ക്രിമിനൽ കുറ്റമാണ് എംഎൽഎ ചെയ്തതെന്നും ഒ.ജെ.ജനീഷ് വ്യക്തമാക്കി.

സിപിഐഎം സ്വന്തം പാർട്ടിയുടെ രക്തസാക്ഷികളുടെ പേരിലും പണം അപഹരിക്കുന്നു. അഭിമന്യുവിന്റെ കുടുംബത്തിനായി 3 കോടിയോളം പിരിച്ചു. ഒരു കോടി രൂപയേ കുടുംബത്തിന് നൽകിയുള്ളൂ. രണ്ട് കോടി സിപിഐഎം എടുത്തു. ഇങ്ങനെ പിരിക്കുന്ന പണം കൊണ്ട് ക്രിമിനലുകൾക്ക് വേണ്ടി സിപിഐ എം കേസ് നടത്തുന്നു. ധനരാജ് രക്തസാക്ഷി ഫണ്ടിന്റെ വിശദാംശങ്ങൾ സിപിഐഎം പുറത്തുവിടണം. കുഞ്ഞികൃഷ്ണന്റെ വീട്ടിലേക്ക് മാശാ അള്ള എന്നെഴുതിയ കാർ വരാൻ സാധ്യത ഉണ്ട്. അദ്ദേഹത്തിന് സുരക്ഷ ഒരുക്കണം. എം എൽ എക്കെതിരെ കേസെടുക്കണം. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി ഇന്ന് പരാതി നൽകുമെന്നും ഓ ജെ ജനീഷ് പറഞ്ഞു.

സജി ചെറിയന്റെ പ്രസ്താവനയെ പാലോളി തള്ളി പറഞ്ഞിട്ടും പിണറായി തള്ളി പറഞ്ഞിട്ടില്ല. എ കെ ബാലനെ സിപിഐഎം സെക്രട്ടറി തള്ളി പറഞ്ഞിട്ടും മുഖ്യമന്ത്രി തള്ളിയിട്ടില്ല. അർജവം ഉണ്ടെങ്കിൽ പാർട്ടി നിലപാട് താനാണ് പറയേണ്ടത് എന്നു എം വി ഗോവിന്ദൻ പറയണം. അല്ലെങ്കിൽ രാജി വെച്ചു പോകണം. പറഞ്ഞത് ബാലൻ ആണെങ്കിലും വാക്കുകൾ കാലന്റേതാണെന്നും ജനീഷ് പരിഹസിച്ചു. അതിവേഗ റെയിൽ കേരളത്തിന് താങ്ങാൻ കഴിയുന്നതാണോ എന്ന് പരിശോധിക്കണം. കണ്ണടച്ച് എതിർക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ യുവാക്കൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button