വിളപ്പില്‍ശാല ചികിത്സാ നിഷേധം: ജീവനക്കാർ ഉറക്കത്തിൽ ആയിരുന്നു, നടപടി വേണം; മരിച്ച ബിസ്മീറിൻ്റെ ഭാര്യ

തിരുവനന്തപുരം വിളപ്പില്‍ശാലയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സാ നിഷേധിച്ചെന്ന പരാതിയില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങൾക്ക് ലഭിച്ചു. കുറെ നേരം ആശുപത്രി വരാന്തയിൽ ഇരിക്കേണ്ടി വന്നുവെന്നും ഭർത്താവിന്റെ നിലവിളി കേട്ടാണ് സെക്യൂരിറ്റി എത്തിയതെന്നും ബിസ്മീറിൻ്റെ ഭാര്യ ജാസ്മിൻ മാധ്യമത്തിനോട് പറഞ്ഞു.
തിങ്കളാഴ്ച്ച വെളുപ്പിനെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നും എന്നാൽ അവിടെ എത്തിയപ്പോൾ ഗെയിറ്റ് തുറന്നിട്ടുണ്ടെങ്കിലും അകത്തുള്ള ഗ്രില്ലുകൾ അടഞ്ഞ് കിടക്കുകയായിരുന്നുവെന്നും ജാസ്മിൻ പറഞ്ഞു. വേഗത്തിൽ എത്തിക്കാനായി ഇരുചക്ര വാഹനത്തിലാണ് ബിസ്മീറിനെ ആശുപത്രിയിൽ എത്തിച്ചതെന്നും ജാസ്മിൻ പറഞ്ഞു. ആശുപത്രിയിൽ എത്തി ബല്ല് അമർത്തിയിട്ടും ഡോക്ടർമാർ എത്തിയില്ലയെന്നും ഡ്യൂട്ടി ഡോക്ടറും നേഴ്സും ആശുപത്രിയിലുണ്ടായിരുന്നെന്നും രോഗിയുമായി ചെല്ലുമ്പോള്‍ ഇരുവരും ഉറക്കത്തിലായിരുന്നുവെന്നും ജാസ്മിൻ വ്യക്തമാക്കി.
ഭർത്താവിന്റെ നിലവിളി കേട്ടാണ് സെക്യൂരിറ്റി എത്തിയതെന്നും വാതിൽ തുറന്ന് ഡോക്ടർമാർ എത്തിയപ്പോൾ ഭർത്താവ് ബിസ്മീർ കുഴഞ്ഞുവീണുവെന്നും ജാസ്മിൻ പറഞ്ഞു. മരുന്ന് പോലും ഒഴിക്കാതെ ആവി പിടിക്കാൻ നൽകിയെന്നും ജാസ്മിൻ പറഞ്ഞു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെക്ക് കൊണ്ടുപോയപ്പോൾ ആംബുലൻസിൽ ഒപ്പം വരാൻ ജീവനക്കാർ തയ്യാറായില്ലയെന്നും ജാസ്മിൻ വ്യക്തമാക്കി. ആശുപത്രി ജീവനക്കാർക്ക് എതിരെ ശക്തമായ നടപടി വേണമെന്നും ഭർത്താവിന്റെ മരണത്തിന്റെ ഉത്തരവാദികൾ ആശുപത്രി ജീവനക്കാർ മാത്രമാണെന്നും ജാസ്മിൻ പറഞ്ഞു.



