നവജാത ശിശുവിനെ കുരങ്ങൻ അമ്മയുടെ കൈകളിൽ നിന്ന് തട്ടിയെടുത്ത് കിണറ്റിലേക്ക് വലിച്ചെറിഞ്ഞു; രക്ഷയായത് ഡയപ്പര്

ഇരുപത് ദിവസം പ്രായമുള്ള നവജാത ശിശുവിനെ കുരങ്ങൻ അമ്മയുടെ കൈകളിൽ നിന്ന് തട്ടിയെടുത്ത് കിണറ്റിലേക്ക് വലിച്ചെറിഞ്ഞു. ഓടിയെത്തിയ ഗ്രാമവാസികൾ കിണറ്റിൽ ചാടിയിറങ്ങി കുഞ്ഞിനെ രക്ഷപ്പെടുത്തി. ബുധനാഴ്ച വൈകിട്ടോടെയാണ് ഛത്തീസ്ഗഡിലെ ജഞ്ച്ഗിർ-ചമ്പ ജില്ലയിലെ സെവ്നി ഗ്രാമത്തിൽ നാടിനെ നടുക്കിയ സംഭവം നടന്നത്. സുനിത റാത്തോഡ് എന്ന യുവതിയുടെ 20 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് കുരങ്ങൻ തട്ടിപ്പറിച്ചത്. വൈകിട്ട് വീടിന്റെ വരാന്തയിൽ കുഞ്ഞിനെ മടിയിലിരുത്തി കളിപ്പിക്കുകയായിരുന്നു സുനിത. പെട്ടന്ന് ഒരു കുരങ്ങൻ ചാടിയെത്തി സുനിതയുടെ മടിയിൽ നിന്നും കുഞ്ഞിനെ പിടിച്ചെടുക്കുകയായിരുന്നു
കൈക്കുഞ്ഞുമായി കുരങ്ങൻ വീടിന്റെ മേൽക്കൂരയിലേക്ക് ചാടിക്കയറി. സുനിതയുടെ കരച്ചിൽ കേട്ട് ബന്ധുക്കളും, പ്രദേശവാസികളും ഓടിയെത്തുമ്പോൾ കാണുന്നത് കൈക്കുഞ്ഞുമായി വീടിന്റെ മേൽക്കൂരയിൽ ഇരിക്കുന്ന കുരങ്ങനെയാണ്. പരിഭ്രാന്തരായ ബന്ധുക്കൾ പടക്കം പൊട്ടിച്ച് കുരങ്ങനെ ഓടിക്കാൻ ശ്രമിച്ചു. ഇതോടെ കുരങ്ങൻ കുഞ്ഞിനെ അടുത്തുള്ള തുറന്ന കിണറ്റിലേക്ക് എറിഞ്ഞ് ഓടി രക്ഷപ്പെട്ടു. ഓടിയെത്തിയ ഗ്രാമവാസികൾ കിണറ്റിലേക്കിറങ്ങി കുഞ്ഞിനെ ബക്കറ്റിലിരുത്തി മിനിറ്റുകൾക്കുള്ളിൽ മുകളിലെത്തിച്ചു.
കുഞ്ഞ് ധാരാളം വെള്ളം കുടിച്ചിരുന്നുവെന്നും എന്നാൽ ഡയപ്പർ ധരിച്ചതിനാൽ കിണറിൽ പൂർണ്ണമായി മുങ്ങിയിരുന്നില്ലെന്നും അതിനാലാണ് ജീവൻ തിരിച്ച് കിട്ടിയതെന്നും കുട്ടിയുടെ പിതാവ് അരവിന്ദ് റാത്തോഡ് പറഞ്ഞു. സംഭവം നടക്കുമ്പോൾ സർഗവൻ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സായ രാജേശ്വരി റാത്തോഡ് സംഭവ സ്ഥലത്തിന് അടുത്ത് ഉണ്ടായിരുന്നു. വിവരമറിഞ്ഞ് ഇവർ ഓടിയെത്തി കുഞ്ഞിന്റെ വായിൽ നിന്ന് വെള്ളം നീക്കം ചെയ്യുകയും, സിപിആർ അടക്കം നൽകി പ്രാഥമിക ചികിത്സ ഉറപ്പാക്കി. ഇതോടെ അബോധവസ്ഥയിലായിരുന്ന കുട്ടി ആരോഗ്യം വീണ്ടെടുത്തു. പിന്നാലെ കുഞ്ഞിനെ ആദ്യം ജില്ലാ ആശുപത്രിയിലേക്കും, തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ഐസിയുവിലേക്കും മാറ്റി. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടർമാർ പറഞ്ഞു.



