മുസ്‌ലിം ലീഗിനും വിമർശനം; എ കെ ബാലനെയും,  സജി ചെറിയാനെയും തള്ളി; പാലോളി മുഹമ്മദ് കുട്ടി

എ കെ ബാലൻ്റെയും,  സജി ചെറിയാൻ്റെയും നിലപാടുകൾ തള്ളി മുതിർന്ന സിപിഐഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി. എ കെ ബാലൻ്റേത് തെറ്റായ പ്രസ്താവനയാണെന്ന് അഭിപ്രായപ്പെട്ട പാലോളി മുഹമ്മദ് കുട്ടി സജി ചെറിയാൻ്റെ പ്രസ്താവനയും പാടില്ലാത്തതാണെന്ന് ചൂണ്ടിക്കാണിച്ചു. ബാലനെയും,  സജി ചെറിയാൻ്റെയും പ്രസ്താവനകൾ പാർട്ടി തിരുത്തുമെന്നും പാലോളി മുഹമ്മദ് കുട്ടി വെളിപ്പെടുത്തി. 

മുസ്‌ലിം ലീഗിനെയും പാലോളി മുഹമ്മദ് കുട്ടി വിമർശിച്ചു. മുസ്‌ലിംലീഗിനെ പറഞ്ഞാൽ എങ്ങനെയാണ് ഇസ്‌ലാമി‌നെയും, മലപ്പുറത്തേയും അധിക്ഷേപിച്ചുവെന്ന് ആകുന്നതെന്ന് അദ്ദേഹം  ചോദിച്ചു. വെള്ളാപ്പള്ളി മലപ്പുറത്തെയല്ല അധിക്ഷേപിച്ചത് മുസ്ലിം ലീഗിനെയാണെന്ന് ചൂണ്ടിക്കാണിച്ച പാലോളി മുഹമ്മദ് കുട്ടി വെള്ളാപ്പള്ളിയുടെ ചില പ്രസ്താവനയോട് യോജിക്കാൻ പറ്റില്ലെന്നും വ്യക്തമാക്കി. എൻഎസ്എസും-എസ്എൻഡിപിയും പറഞ്ഞത് അവരുടെ നിലപാടാണ്. അതിൽ രാഷ്ട്രീയം കാണേണ്ടെന്നും അദ്ദേഹം  ചൂണ്ടിക്കാണിച്ചു. ഇടതുപക്ഷത്തിൻ്റെ മൂന്നാം ഭരണം കേരളത്തിൽ വരുമെന്നും പാലോളി പറഞ്ഞു.

 ജമാഅത്തെ ഇസ്ലാമി സിപിഐഎമ്മിന്  മുൻപേ നിരുപാധികം പിന്തുണ നൽകിയിട്ടുണ്ടെന്നും പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു. സിപിഐഎം,  ജമാഅത്തെയുടെ പിന്തുണ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും പാലോളി മുഹമ്മദ് കുട്ടി കൂട്ടിച്ചേർത്തു. കമ്മ്യൂണിസ്റ്റ് പാർട്ടി ന്യൂനപക്ഷങ്ങൾക്ക് ഒപ്പമാണെന്നും ബിജെപിയുടെത് അപകടം പിടിച്ച രാഷ്ട്രീയമാണെന്നും സിപിഐഎമ്മിൻ്റെ മുതിർന്ന നേതാവ് ചൂണ്ടിക്കാണിച്ചു.

 മണ്ണാർക്കാട് മണ്ഡലത്തിൽ ജനകീയരായവർ സ്ഥാനാർത്ഥിയാവണമെന്നും പാലോളി മുഹമ്മദ് കുട്ടി ആവശ്യപ്പെട്ടു. ജനങ്ങളുമായി ബന്ധമുള്ള സിപിഐ സ്ഥാനാർഥി മണ്ണാർക്കാട് മത്സരിക്കണം. മുൻ എംഎൽഎ ജോസ് ബേബിയെ പോലെയുള്ളവർ വന്നാലേ വിജയിക്കാൻ കഴിയു‌ എന്നും പാലോളി മു​ഹമ്മദ് കുട്ടി വ്യക്തമാക്കി. ഐഷ പോറ്റി സിപിഐഎം വിട്ട് കോൺ​ഗ്രസിൽ ചേർന്ന വിഷയത്തിലും പാലോളി മുഹമ്മദ് കുട്ടി പ്രതികരിച്ചു. പാർലമെൻ്ററി മോഹം കമ്മ്യൂണിസ്റ്റുകാരിലും ഉണ്ടെന്നും അത് ചിലരിൽ കൂടുതലായി കാണുന്നുവെന്നുമായിരുന്നു പാലോളി മുഹമ്മദ് കുട്ടിയുടെ പ്രതികരണം.

Related Articles

Back to top button