ഉത്സവത്തിന് ആനയെഴുന്നള്ളത്ത്; രജിസ്‌ട്രേഷൻ നിർബന്ധം, പുതിയ ഉത്സവങ്ങൾക്ക് അനുമതി ഇല്ല

ക്ഷേത്രോത്സവങ്ങളിൽ ആനയെഴുന്നള്ളത്ത് നടത്തണമെങ്കിൽ ഉത്സവത്തിന് മുൻകൂട്ടി രജിസ്‌ട്രേഷൻ നിർബന്ധമാണെന്ന് വനംവകുപ്പ്. നിലവിൽ രജിസ്‌ട്രേഷൻ നേടിയ ഉത്സവങ്ങൾക്കേ നിബന്ധനകൾക്ക് വിധേയമായി ആനയെഴുന്നള്ളത്ത് നടത്താൻ അനുമതി ലഭിക്കൂ. പുതിയ ഉത്സവങ്ങൾക്ക് രജിസ്‌ട്രേഷൻ അനുവദിക്കില്ല. നിലവിലുള്ള ഉത്സവമാണെങ്കിലും മുൻപ് രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ അനുമതി ലഭിക്കില്ലെന്നും വനംവകുപ്പ് വ്യക്തമാക്കി.

രജിസ്‌ട്രേഷൻ സമയത്ത് അനുവദിച്ചതിൽ കൂടുതൽ ആനകളെ എഴുന്നള്ളിക്കാനും അനുവാദമില്ല. ചില ക്ഷേത്രങ്ങളിൽ അനുമതിയില്ലാതെ ആനയെഴുന്നള്ളത്ത് നടത്തിയതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് വനംവകുപ്പ് കർശന മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

ഉത്സവം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ആനയെഴുന്നള്ളിക്കണമെങ്കിൽ നാട്ടാന പരിപാലന ചട്ടപ്രകാരം നിർദേശിച്ച എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണം.

സുരക്ഷാ മാനദണ്ഡങ്ങൾ:

1. എഴുന്നള്ളത്ത് കാലയളവിന് കുറഞ്ഞത് 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാണ്.
2. അഞ്ചിലധികം ആനകൾ പങ്കെടുപ്പിക്കുന്ന എഴുന്നള്ളത്തുകളിൽ എലിഫന്റ് സ്ക്വാഡ് സ്ഥലത്ത് ഉണ്ടാകണം.

നിയമലംഘനം നടന്നാൽ നാട്ടാന പരിപാലന ചട്ടപ്രകാരം കേസെടുക്കും. അനുമതിയില്ലാതെ ആനയെഴുന്നള്ളത്ത് നടത്തിയാൽ ഉത്സവ കമ്മിറ്റി നിയമനടപടികൾ നേരിടേണ്ടിവരും. എഴുന്നള്ളത്തിനായി സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ മുൻകൂർ അനുമതി നിർബന്ധമാണെന്നും വനംവകുപ്പ് അറിയിച്ചു.

Related Articles

Back to top button