രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; ‘സിപിഎം അക്രമം ജനശ്രദ്ധ തിരിക്കാനുള്ള ശ്രമം’

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്തിയ ടി എ മധുസൂദനൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനത്തിന് നേരെ സിപിഎം പ്രവർത്തകർ നടത്തിയ ആക്രമം പ്രതിഷേധാർഹമാണെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ. രക്തസാക്ഷി ഫണ്ട് വെട്ടിപ്പിൽ നിന്നുള്ള ജനശ്രദ്ധ തിരിക്കാനുള്ള ഗൂഢനീക്കമാണ് ഈ ആക്രമണമെന്നും സിപിഎം മുൻ ഏരിയാ സെക്രട്ടറി പി കുഞ്ഞികൃഷ്ണൻ നടത്തിയ വെളിപ്പെടുത്തലിലൂടെ സിപിഎമ്മിൻറെ ജീർണ്ണതയാണ് തുറന്നുകാട്ടപ്പെട്ടത്, ഇതിലെ ജാള്യതയാണ് സിപിഎമ്മിനെ ആക്രമത്തിന് പ്രേരിപ്പിക്കുന്നത്. രക്തസാക്ഷി കുടുംബത്തോടും അണികളോടും സിപിഎമ്മിന് അൽപ്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് നടത്തിയ പ്രതികളെ നിയമത്തിന് വിട്ടുകൊടുക്കുകയാണ് വേണ്ടതെന്നും സണ്ണി ജോസഫ് പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച മുഴുവൻ സിപിഎമ്മുകാരായ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.



