രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; ടി ഐ മധുസൂദനന്‍റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രകടനത്തിന് നേരെ സിപിഎം അക്രമം

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പയ്യന്നൂരിൽ കോൺഗ്രസും ബിജെപിയും നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ സിപിഎം അക്രമം. ടിഐ മധുസൂദനൻ എംഎൽഎ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രകടനത്തിന് നേരെയാണ് അക്രമം. പരിക്കേറ്റ പ്രതിഷേധക്കാരെ ആശുപത്രിയിലേക്ക് മാറ്റി.രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വി കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ എല്ലാം തള്ളുകയാണ് സിപിഎം നേതൃത്വം. പാർട്ടിയെ തകർക്കാനാണ് നീക്കമെന്നും താൻ ഒഴികെ മറ്റെല്ലാവരും കള്ളന്മാർ എന്ന് സ്ഥാപിക്കാനാണ് കുഞ്ഞികൃഷ്ണന്റെ ശ്രമമെന്നുമാണ് എം വി ജയരാജൻ പ്രതികരിച്ചത്. തന്‍റെ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി പറയാൻ നേതൃത്വം തയ്യാറാകണമെന്ന് കുഞ്ഞികൃഷ്ണൻ ആവർത്തിച്ചു. പയ്യന്നൂർ മേഖലയിൽ കുഞ്ഞികൃഷ്ണനെതിരെ വ്യാപകമായി സിപിഎം പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.
ധനരാജ് രക്തസാക്ഷി ഫണ്ട്, പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ട്, ടി ഐ മധുസൂദനൻ എംഎൽഎയുടെ നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നു എന്നായിരുന്നു ആരോപണം. എന്നാൽ പാർട്ടി അന്വേഷണ കമ്മീഷന്‍ പോലും ധനാപഹരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും തിരഞ്ഞെടുപ്പ് അടുത്തപ്പോൾ പാർട്ടി എതിരാളികളുടെയും മാധ്യമങ്ങളുടെയും കോടാലി കയ്യായ് വീ കുഞ്ഞികൃഷ്ണൻ മാറുകയാണെന്നും സിപിഎം പ്രതിരോധിച്ചു. ഫണ്ട് തട്ടിപ്പ് ഉണ്ടായിട്ടില്ലെന്നും വരവ് ചെലവ് കണക്കുകൾ കൃത്യസമയത്ത് സമർപ്പിക്കുന്നതിൽ വീഴ്ച മാത്രമാണ് സംഭവിച്ചത് എന്നുമാണ് അന്നത്തെ ജില്ലാ സെക്രട്ടറിയുടെ വിശദീകരണം.
ഒറ്റുകാരനെ ജനം തിരിച്ചറിയുമെന്ന വാചകങ്ങളോടെ പയ്യന്നൂരിൽ പോസ്റ്ററുകളും ഫ്ലക്സുകളും സിപിഎം ഉയർത്തിയിട്ടുണ്ട്. പ്രാദേശിക വിഭാഗീയതയുടെ പേരിൽ പാർട്ടിയെ ഒറ്റുകൊടുത്ത് വിശുദ്ധനാകാനാണ് കുഞ്ഞികൃഷ്ണൻ ശ്രമിക്കുന്നത് എന്നാണ് നേതൃത്വം പറയുന്നത്. അണികളെ കൂടെ നിർത്താനാണ് സിപിഎമ്മിന്റെ പ്രതിരോധമെന്നും താൻ മറ്റൊരു പാർട്ടിയിലേക്ക് ഇല്ലെന്നും വി കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു.




