വിലപിടിപ്പുള്ള ഫോണും, രേഖകളുമടങ്ങിയ ബാഗും തിരിച്ചേൽപ്പിച്ചു; വിദ്യാർത്ഥിക്കും, യുവാവിനും അഭിനന്ദനം

കളഞ്ഞുകിട്ടിയ ബാഗും, വിലപിടിപ്പുള്ള മൊബൈൽ ഫോണും രേഖകളും പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് വിദ്യാർത്ഥിയും, യുവാവും മാതൃകയായി. കൈനകരി തോട്ടുവാത്തല പനമുക്കം വീട്ടിൽ മനോജിന്റെ മകൻ നിവേദ്, കൈനകരി തോട്ടുവാത്തല ദേവസംപറമ്പ് വീട്ടിൽ സന്തോഷിന്റെ മകൻ അബിൻ എന്നിവരാണ് ബാഗ് തിരികെ നൽകാൻ മുൻകൈ എടുത്തത്. പുളിങ്കുന്ന് സെന്റ് ജോസഫ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് നിവേദ്. അബിൻ സ്കൂബാ ഡ്രൈവറാണ്
പ്രവാസിയായ പുളിങ്കുന്ന് കാഞ്ഞിക്കൽ വീട്ടിൽ ജോസഫ് മാത്യുവിന്റേതായിരുന്നു ബാഗ്. ഒരുലക്ഷം രൂപ വിലയുള്ള മൊബൈൽ ഫോൺ, എമിറേറ്റ്സ് ഐഡി കാർഡ്, ഡ്രൈവിങ് ലൈസൻസ്, എടിഎം കാർഡുകൾ, യുഎഇ ദിർഹം എന്നിവയാണ് ബാഗിലുണ്ടായിരുന്നത്. കഴിഞ്ഞദിവസം രാത്രി 11ഓടെ പുളിങ്കുന്നിലുള്ള ബന്ധുവീട്ടിൽ പോയി മടങ്ങുന്നതിനിടെ പൊട്ടുമുപ്പത് പാലത്തിന് സമീപത്തുവച്ചാണ് ഇവർക്ക് ബാഗ് ലഭിച്ചത്. ഉടൻ തന്നെ ഇവർ പുളിങ്കുന്ന് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഉടമയെ കണ്ടെത്തി ബാഗ് കൈമാറി.



