ഇത്തരം പ്രസ്താവന നടത്തുന്നവർ വിളഞ്ഞല്ല പഴുത്തതെന്ന് കരുതിയാൽ മതി;  സജി ചെറിയാനെതിരെ ജി സുധാകരന്‍റെ പരോക്ഷ വിമർശനം

വർഗീയ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരെ തുറന്നടിച്ച് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. ഇത്തരം പ്രസ്താവന നടത്തുന്നവർ മൂക്കാതെ പഴുത്തവരാണ്. മന്ത്രി പദവിയിലെത്താൻ യോഗ്യത ഉണ്ടോ എന്ന് സ്വയം ചോദിക്കണമെന്നും സുധാകരൻ മാധ്യമങ്ങളോട്   പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകും. മത്സരിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും ജി സുധാകരൻ പ്രതികരിച്ചു.

എനിക്ക് മത്സരിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. നാല് തവണ ജയിച്ചു. എന്നെ മിനിസ്റ്ററാക്കി. ചെയ്യാവുന്നത് ചെയ്ത് ജനങ്ങളെ കാണിച്ചുകൊടുത്തില്ലേ. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ആയാലും സംഘടനാ പ്രവർത്തനത്തിൽ ആയാലും പാർട്ടി പറയുന്നതിന് അപ്പുറം പറയുകയോ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ല,  ജി സുധാകരൻ പറഞ്ഞു.

പാർട്ടിക്കും സമൂഹത്തിനുമെല്ലാം ദോഷകരമാകുന്ന, വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന വാക്കുകൾ ആരിൽ നിന്നെങ്കിലും വരുന്നുണ്ടെങ്കിൽ വിളഞ്ഞല്ല പഴുത്തത് എന്ന് കരുതിയാൽ മതി. വിളയാതെ പഴുത്തതാ. സ്വയം ഉള്ളിലോട്ട് നോക്കട്ടെ. താൻ ഈ പോസ്റ്റ് വരെ വരാൻ യോഗ്യനാണോയെന്ന് സ്വയം നോക്കട്ടെ. ആണെങ്കിൽ ആ യോഗ്യത നിലനിർത്തട്ടെ എന്നതല്ലാതെ ആരെപ്പറ്റിയും ഒന്നും പറയാനില്ലെന്ന് സുധാകരൻ വ്യക്തമാക്കി. സജി ചെറിയാന്‍റെ പേര് പറയാതെയാണ് സുധാകരന്‍റെ വിമർശനം.

Related Articles

Back to top button