സംസ്ഥാനത്തെ തീരദേശ മുസ്‌ലിങ്ങൾക്ക് ഉപസംവരണം അനുവദിക്കണം: കെ പി നൗഷാദ് അലി

തീരദേശ മുസ്‌ലിങ്ങൾക്ക് മുസ്‌ലിം സംവരണത്തിനകത്ത് നിന്ന് ഉപസംവരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ജനറൽ സെക്രട്ടറി കെ പി നൗഷാദ് അലി.  തീരദേശത്തുള്ള മുസ്‌ലിങ്ങൾക്ക് മുസ്‌ലി സംവരണത്തിനകത്ത് നിന്ന് ഒരു സബ്‌കോട്ട നൽകണം. ഇത് മുസ്‌ലിം അല്ലാത്ത സമുദായങ്ങളെ ബാധിക്കുന്ന കാര്യമല്ല, മാധ്യമങ്ങളോട്   നൗഷാദ് അലി പറഞ്ഞു. പൊന്നാനി നിയമസഭ മണ്ഡലത്തില്‍‌ യുഡിഎഫ് സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടുന്ന സാഹചര്യത്തില്‍‌ കൂടിയാണ് അദ്ദേഹത്തിന്റെ  ഈ പ്രതികരണം. തീരദേശ മുസ്‌ലിം ജനവിഭാഗത്തിന് മേല്‍ക്കൈയുള്ള മണ്ഡലമാണ് പൊന്നാനി.

 ലത്തീൻ കത്തോലിക്കാർക്ക് നേരിട്ട് സംവരണത്തിന്റെ ഗുണം ലഭിക്കുന്നുണ്ടെന്നും, എന്നാൽ തീരദേശ മുസ്‌ലിങ്ങൾ പൊതുവായ മുസ്‌ലിം സംവരണത്തിനകത്താണ് ഉൾപ്പെടുന്നതെന്നും നൗഷാദ് അലി ചൂണ്ടിക്കാട്ടി. തീരദേശ ഇതര മുസ്‌ലിമിൻറെ മത്സര ക്ഷമത പലപ്പോഴും തീരദേശത്തെ മുസ്ലിങ്ങൾക്ക് ഇല്ലാതെ പോകുന്നു. ഇതിനാല്‍ അവരുടെ മക്കൾ സ്വാഭാവികമായിട്ടും സംവരണ മാനദണ്ഡങ്ങളിൽ നിന്ന് പുറത്താക്കപ്പെടുന്നു. ഈ സാഹചര്യത്തില്‍ മുസ്‌ലിം സമുദായത്തിന്റെ സംവരണത്തിനകത്ത് നിന്ന് ഒരു ഉപസംവരണം അനുവദിച്ചാൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നും, അതിലൂടെ സർക്കാർ ജോലികൾ ലഭിക്കുന്നവരും ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയ പ്രൊഫഷണലുകളും തീരദേശ മുസ്‌ലിങ്ങൾക്കിടയിൽ നിന്ന് ഉയർന്ന് വരുമെന്നും നൗഷാദ് അലി അഭിപ്രായപ്പെട്ടു.

Back to top button