എൻഎസ്എസ്- എസ്എൻഡിപി ഐക്യം രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി

നായർ- ഈഴവ ഐക്യം പുതുമയല്ലെന്നും എൻഎസ്എസ്- എസ്എൻഡിപി സഖ്യം സാമൂഹിക ചലനമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടിയുള്ള ഐക്യമെന്ന് സംശയിക്കുന്നതായും പുന്നല ശ്രീകുമാർ പറഞ്ഞു.
എൻഎസ്എസ് എസ്എൻഡിപി ഐക്യത്തെ അസംബന്ധം എന്നുപറഞ്ഞ് തള്ളുകയാണ് കെപിഎംഎസ്. മുൻപ് മന്നത്തും ശങ്കറും മുന്നോട്ട് വെച്ച നായാടി മുതൽ നമ്പൂതിരി വരെ എന്ന സങ്കൽപം ഇപ്പോഴില്ലെന്നും അന്നത്തെ സാഹചര്യം അല്ല ഇപ്പോഴെന്നും അദ്ദേഹം പറഞ്ഞു.
ഈഴവ സമുദായത്തിലെ മുഴുവൻ അംഗങ്ങളെയും ബോധ്യപ്പെടുത്താൻ എസ്എൻഡിപി നേതൃത്വത്തിന് കഴിയില്ലെന്ന് പറഞ്ഞ പുന്നല ശ്രീകുമാർ മുന്നാക്ക സംവരണത്തെ എതിർത്ത എസ്എൻഡിപി എങ്ങനെ എൻഎസ്എസുമായി കൈകോർക്കുമെന്നും ചോദിച്ചു. പിന്നാക്ക വിഭാഗം ആവശ്യപ്പെട്ടുന്ന ജാതി സെൻസ് പോലെയുള്ള കാര്യങ്ങൾ എതിർക്കുന്നതാണ് എൻഎസ്എസ് നയമെന്നും ഇതൊന്നും ചർച്ച ചെയ്യാത്ത ഐക്യപ്രഖ്യാപനം അസംബന്ധമെന്നും അദ്ദേഹം പറഞ്ഞു.



