വോട്ടർ പട്ടികയിൽ പേരുള്ള ആർക്കും മത്സരിക്കാം; ബേപ്പൂരിൽ അൻവർ മത്സരിക്കുമെന്ന വാർത്തയോട് പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ പിവി അൻവർ മത്സരിക്കുമെന്ന വാർത്തയോട് പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. വോട്ടർ പട്ടികയിൽ പേരുള്ള ആർക്കും മത്സരിക്കാമെന്നും, ആര് മത്സരിക്കണമെന്ന് യുഡിഎഫ് തീരുമാനിക്കട്ടെയെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം പ്രാദേശിക പ്രശ്നങ്ങളാണ്. ഗൃഹ സമ്പർക്കത്തിൽ ഇക്കാര്യം ബോധ്യപ്പെട്ടു. തിരുത്തേണ്ടത് തിരുത്തുമെന്നും റിയാസ് പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു റിയാസ്.
എംഎ ബേബിയുടെ പാത്രം കഴുകൽ ചിത്രത്തോടും റിയാസ് പ്രതികരിച്ചു. എംഎ ബേബിയെ അറിയുന്ന ആരും അദ്ദേഹത്തെ ട്രോളില്ല. ഭക്ഷണം കഴിച്ചാൽ പാത്രം കഴുകി വെക്കുന്നത് അദ്ദേഹത്തിന്റെ പണ്ടേ ഉള്ള ശീലമാണ്. ഇതൊന്നും ചെയ്യാത്തവർക്ക് അത് മനസ്സിലാകില്ല. പിആർ വർക്ക് ആണെന്ന് അധിക്ഷേപിക്കരുതെന്നും റിയാസ് പറഞ്ഞു.




