ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേക്ക് നടന്ന 71കാരിയെ ഓടി വന്ന് കുത്തി മറിച്ചിട്ടു.. വീണത് 10 അടി താഴ്ച്ചയുള്ള തോട്ടിലേക്ക്..

വല്ലപ്പുഴ ചെറുകോട് കാട്ടുപന്നി ആക്രമണത്തിൽ വയോധികയ്ക്ക് ഗുരുതര പരിക്ക്. പടിഞ്ഞാറ്റുമുറി സ്വദേശി 76 വയസ്സുള്ള പാറുക്കുട്ടി അമ്മയ്ക്കാണ് പട്ടാപകൽ കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. തിങ്കളാഴ്ച രാവിലെ 9 മണിയോടുകൂടിയാണ് സംഭവം. ക്ഷേത്രദർശനം കഴിഞ്ഞ് റോഡിലൂടെ നടന്നു പോകുകയായിരുന്ന പടിഞ്ഞാറ്റുമുറി സ്വദേശി പനമ്പറ്റയിൽ പാറുക്കുട്ടി അമ്മക്ക് നേരെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. പ്രദേശത്തെ തോടിനോട് ചേർന്നുള്ള പാലത്തിനടുത്ത് എത്തിയപ്പോൾ ദൂരെ നിന്നും ഓടിവന്ന കാട്ടുപന്നി പാറുക്കുട്ടി അമ്മയ്ക്ക് നേരെ വരികയും ആക്രമിക്കുകയും ആയിരുന്നു. കാട്ടുപന്നിയുടെ ഇടികൊണ്ട പാറുക്കുട്ടിയമ്മ സമീപത്തെ 10 അടിയോളം താഴ്ചയുള്ള തോട്ടിലേക്ക് വീണു
ഇവരുടെ നിലവിളി കേട്ട് ആളുകൾ ഓടി കൂടുകയും പാറുക്കുട്ടിയമ്മയെ വീട്ടിൽ എത്തിക്കുകയും ചെയ്തു. എന്നാൽ ശാരീരിക വേദന അനുഭവപ്പെട്ടതിനെ തുടർന്ന് പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കാട്ടുപന്നിയുടെയും മലമ്പാമ്പിന്റെയും ഒക്കെ ശല്യം രൂക്ഷമാണെന്നും പരാതികൾ പറഞ്ഞിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഇല്ലെന്നും പാറുക്കുട്ടിയമ്മയുടെ മകൻ വിജയൻ പറഞ്ഞു



