രണ്ട് വര്‍ഷമായി വയോധികന്റെ താമസം കക്കൂസില്‍, കെട്ടിട നികുതി അടയ്ക്കാന്‍ നോട്ടീസ് നല്കി നഗരസഭ

താത്കാലികമായി പണിത വീട് തകര്‍ന്ന് താമസ യോഗ്യമല്ലാതായതോടെ രണ്ട് വര്‍ഷമായി വയോധികന് കഴിയുന്നത് വീടിനോട് ചേര്‍ന്ന കക്കൂസില്‍. കോഴിക്കോട് മുക്കം നഗരസഭയിലെ തെച്ചിയാട്ട് നിന്നാണ് മനുഷ്യമനസ്സിനെ അസ്വസ്ഥമാക്കുന്ന വാര്‍ത്ത. മാനസിക വെല്ലുവിളികൾ നേരിടുന്ന വെള്ളിപറമ്പ് വീട്ടില്‍ സദാനന്ദനാണ് ദാരിദ്ര്യമുക്തമായ നാട്ടില്‍ ചോദ്യചിഹ്നമായി അവശേഷിക്കുന്നത്. സദാനന്ദന് താമസിച്ചിരുന്ന വീട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് തകരാന്‍ തുടങ്ങിയത്. തീര്‍ത്തും വാസയോഗ്യമല്ലാതായതോടെ ഇതിന് സമീപത്തെ കക്കൂസിലേക്ക് താമസം മാറ്റുകയായിരുന്നു. ഇതിനിടെയാണ് ഇടിത്തീ പോലെ നഗരസഭാ അധികൃതരുടെ നികുതി അടയ്ക്കാനുള്ള നോട്ടീസും ഇയാളെ തേടിയെത്തിയത്. പനയോല വെട്ടുന്ന ജോലി ചെയ്തിരുന്ന സദാനന്ദന് ഒരു തവണ പനയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റു. ഏറെ നാളത്തെ ചികിത്സക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഭാര്യയും രണ്ട് മക്കളും പിരിഞ്ഞതോടെ ഇദ്ദേഹം പൂര്‍ണമായും തനിച്ചാവുകയായിരുന്നു.
പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതും കിടന്നുറങ്ങുന്നതും എല്ലാം ഈ ശുചിമുറിയില്‍ തന്നെയാണെന്നാണ് സദാനന്ദന് പറയുന്നത്. നാട്ടുകാരുടെ സഹായത്തില്‍ അങ്ങാടികളില്‍ നിന്നും ലഭിക്കുന്ന ഭക്ഷണവും ആരെങ്കിലും നല്കുന്ന ചെറിയ തുകയും കൊണ്ടാണ് ജീവിതം തള്ളിനീക്കുന്നത്. അതേസമയം സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ നഗരസഭാ അധികൃതര്‍ പ്രശ്നം പരിഹരിക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്. നികുതി നോട്ടീസ് നല്‍കിയത് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ സാങ്കേതിക പിഴവാണെന്നും ഇത് പരിഹരിക്കുമെന്നും ഇദ്ദേഹത്തെ താല്‍ക്കാലികമായി വാടക വീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിക്കുമെന്നും മുക്കം നഗരസഭാ ചെയര്‍പേഴ്സണ്‍ അഡ്വ. ചാന്ദ്നി വിനോദ് വ്യക്തമാക്കി.



