അയ്യപ്പന്റെ സ്വത്ത് പ്രതികള്‍ കൂട്ടം ചേര്‍ന്ന്കൊള്ളയടിച്ചു; ശബരിമലയില്‍ നടന്നത് കൂട്ടക്കവര്‍ച്ചയെന്ന് ഹൈക്കോടതി

ശബരിമലയില്‍ നടന്നത് കൂട്ടക്കവര്‍ച്ചയെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച്. അയ്യപ്പന്റെ സ്വത്ത് പ്രതികള്‍ കൂട്ടം ചേര്‍ന്ന് കൊള്ളയടിച്ചുവെന്നും, കൂട്ടക്കവര്‍ച്ചയില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും കോടതി നിരീക്ഷിച്ചു. എസ്‌ഐടി കണ്ടെത്തിയ രേഖകളില്‍ നിന്ന് കൂട്ടക്കവര്‍ച്ച പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും കോടതി പറഞ്ഞു.
എ പത്മകുമാറിനെതിരെയുെം ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ നിരീക്ഷണമുണ്ട്. പത്മകുമാർ മുൻ എംഎൽഎയും ദേവസ്വം ബോർഡിൻ്റെ മുൻ പ്രസിഡന്റുമാണെന്ന് നീരിക്ഷിച്ച കോടതി സ്വാധീനിശക്തിയുള്ള ആളായ പത്മകുമാർ അന്വേഷണത്തെ സ്വാധീനിച്ചേക്കാം. കെപി ശങ്കര്‍ ദാസിനെതിരെയും വീണ്ടും ഹൈക്കോടതി വിമർശനം ഉണ്ടായി. ആദ്യ ഘട്ടത്തില്‍ അന്വേഷണവുമായി സഹകരിച്ചയാളാണ് കെപി ശങ്കര്‍ദാസ്. പെട്ടെന്നാണ് കെപി ശങ്കര്‍ദാസിന്റെ ആരോഗ്യനില മോശമായത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുകൊണ്ട് മാത്രം അറസ്റ്റ് ഒഴിവാക്കാനാവില്ല. കെ പി ശങ്കര്‍ ദാസിന്റെ അറസ്റ്റ് മനപൂര്‍വ്വം വൈകി. കെപി ശങ്കര്‍ദാസിന്റെ മകന്‍ ഡിഐജി ആണെന്നും ഹൈക്കോടതി പറഞ്ഞു. ഡിസംബര്‍ 5 മുതല്‍ 19 വരെ അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്നും ഹൈക്കോടതി ആവർത്തിച്ചു. 3 പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ച വിധിയിലാണ് നിരീക്ഷണം ആവര്‍ത്തിച്ചത്. മുരാരി ബാബുവിന് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും 90 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ സ്വാഭാവിക ജാമ്യം ലഭിക്കാമെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ ഇപ്പോള്‍ ജാമ്യം നല്‍കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ദ്വാരപാലക പാളി കേസിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം ലഭിച്ചത്. കര്‍ശന ഉപാധികളോടെ കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അതേസമയം കട്ടിളപ്പാളി കേസില്‍ ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ പോറ്റി ജയിലില്‍ തുടരും.



