‘പി വി അൻവർ നാളെ ബിജെപിയിലേക്കുള്ളതാണ്, പുറത്തുപറയാൻ പറ്റാത്ത കാര്യങ്ങൾ ചെയ്ത് പാർട്ടിയിൽ കയറി’

അടുത്തിടെ യുഡിഎഫിന്റെ ഭാഗമായ പി വി അൻവറിനെതിരെ ആഞ്ഞടിച്ച് തൃണമൂൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം. തദ്ദേശ തിരഞ്ഞെടുപ്പിൽ 200 സീറ്റുവരെ യുഡിഎഫിൽ നിന്ന് വാങ്ങിത്തരുമെന്ന് പറഞ്ഞാണ് അൻവർ സംസ്ഥാന കൺവീനറായത്. ഇയാൾ നാളെ ബിജെപിയിലേക്കുള്ളതാണെന്നും ഇയാളെ തൃണമൂൽ കോൺഗ്രസായി അംഗീകരിക്കില്ലെന്നും സംസ്ഥാന പ്രസിഡന്റ് സി ജി ഉണ്ണി പറഞ്ഞു. ബേപ്പൂരിൽ തിങ്കളാഴ്ച വൈകീട്ട് സംഘടിപ്പിച്ച പൊതുയോഗത്തിലാണ് നേതാക്കളൊന്നടങ്കം പരസ്യമായി അൻവറിനെ തള്ളിപ്പറഞ്ഞത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂരിൽ പ്രചാരണരംഗത്ത് സജീവമാകുന്നതിനിടെയാണ് തൃണമൂൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം പി വി അൻവറിനെതിരെ തിരിഞ്ഞത്. ‘ഞങ്ങളെ ഒതുക്കാൻ ബിജെപിക്കൊപ്പം കൂടുന്നവരെ പാഠം പഠിപ്പിക്കും. മാറിമാറി അഭിപ്രായങ്ങൾ പറഞ്ഞ് ഈ പ്രസ്ഥാനത്തിന് ദുഷ്പേര് മാത്രമാണ് അൻവർ സമ്പാദിച്ചുതന്നത്. മുന്നണിയിൽ ചേരാൻ ആർക്കും അപേക്ഷ കൊടുത്തിട്ടില്ല. ചേലക്കര ഉപതിരഞ്ഞെടുപ്പിൽ എട്ടുപേരുടെ വീട് പൊളിച്ചുകളഞ്ഞ് പുതിയ വീട് അൻവർ വാഗ്ദാനംചെയ്തു. ഈ കുടുംബങ്ങളിപ്പോൾ പെരുവഴിയിലാണ്. സിപിഎമ്മിൽനിന്ന് പ്രമുഖനായ ഒരു നേതാവ് പാർട്ടിയിലേക്ക് വരുന്നുണ്ടെന്നായിരുന്നു അൻവറിന്റെ അവകാശവാദം. ഒടുവിൽ മഞ്ഞക്കടമ്പനെയാണ് അൻവർ കൊണ്ടുവന്നത്. അധികാരമില്ലാതെ അൻവർ ചീഫ് കോഓർഡിനേറ്റർമാരെ പ്രഖ്യാപിച്ചു. പി വി അൻവറിനെ കൂട്ടുപിടിച്ച് യുഡിഎഫ് നടത്തുന്ന നാടകങ്ങൾ പൊളിക്കും.’– സി ജി ഉണ്ണി പറഞ്ഞു.



