ഒരു പണിയുമില്ലാത്ത ചിലരാണ് സര്‍വ്വേ നടത്തുന്നത്; എൻഡിടിവി സര്‍വ്വേയിൽ തന്റെ പേരില്ലാത്തതിൽ സന്തോഷമെന്ന്,രമേശ് ചെന്നിത്തല

എൻഡിടിവി സര്‍വ്വേയിൽ തന്റെ പേരില്ലാത്തതിൽ സന്തോഷമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു പണിയുമില്ലാത്ത ചിലരാണ് സര്‍വ്വേ നടത്തുന്നത്. പാര്‍ട്ടി സര്‍വേ നടത്തുന്നില്ല . യുഡിഎഫിൽ സീറ്റ് വിഭജന ചര്‍ച്ച തുടങ്ങിയെന്നും, ഇന്നലെ ലീഗുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. കേരളത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്നാണ് എൻഡിടിവി വോട്ട് വൈബ് സർവ്വേ ഫലം. 50% അധികം ജനങ്ങൾ ഭരണത്തിൽ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടെന്നാണ് സർവ്വേയില്‍ പറയുന്നത്. ഭരണം വളരെ മോശം എന്ന് പറയുന്നത് 31 % ആളുകളാണ്. മോശം എന്ന് പറയുന്നത് 20 % പേരും.
40 % ആളുകളാണ് ഭരണം നല്ലതെന്ന് അഭിപ്രായപ്പെട്ടുന്നത്. കൂടാതെ 22 % പേർ വിഡി സതീശന് പിന്തുണ നല്‍കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ 18 % വും കെ കെ ശൈലജയെ 16 % പേരുമാണ് അനുകൂലിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് 14.5 % പേരുടെ പിന്തുണയാണുള്ളത്. യുഡിഎഫ് 32 %ത്തിലേറെ വോട്ടുനേടുമെന്നാണ് സർവ്വേ ഫലത്തില്‍ പറയുന്നത്. എൽഡിഎഫിന് 29 %വും ബിജെപിക്ക് 19 % ത്തിലേറെ വോട്ടും ലഭിക്കാമെന്നും സർവ്വേയില്‍ പറയുന്നു.




