15 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് പേർ പിടിയിൽ 

മൂവാറ്റുപുഴയിൽ 15 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് പേർ പിടിയിലായി. വെസ്റ്റ് ബംഗാൾ റാണി നഗർ സ്വദേശി സാഗർ മൊല്ല (26), നാദിയ സ്വദേശി ദിബാകർ മണ്ഡൽ (30) എന്നിവരാണ് പിടിയിലായത്. ബംഗാളിൽ നിന്ന് തീവണ്ടിയിൽ ആലുവയിൽ ഇറങ്ങിയ ശേഷം ഓട്ടോറിക്ഷയിൽ കഞ്ചാവുമായി സഞ്ചരിക്കുകയായിരുന്നു.  എന്നാൽ ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പള്ളിത്താഴത്ത് നിന്നും ഇവരെ കസ്റ്റഡിയിലെടുത്തത്.

വെസ്റ്റ് ബംഗാളിൽ നിന്നും കിലോ ഗ്രാമിന് 1000 രൂപ നിരക്കിൽ വാങ്ങിയ ശേഷം കിലോയ്ക്ക് 25,000 രൂപയ്ക്കാണ് ഇവിടെ വിൽപന നടത്തുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ കഞ്ചാവ് എത്തിക്കുന്ന സംഘമാണ് പിടിയിലായത്. ഇവർ ഇടയ്ക്ക് കേരളത്തിൽ വന്നു പോകുന്നതായി പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. എറണാകുളം റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും , മൂവാറ്റുപുഴ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ നർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി ജെ. ഉമേഷ് കുമാർ, മൂവാറ്റുപുഴ ഡി.വൈ.എസ്.പി പി.എം ബൈജു, ഇൻസ്പെക്ടർ ബേസിൽ തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Related Articles

Back to top button