എന്‍എസ്എസിനും-എസ്എന്‍ഡിപിക്കും ഐക്യത്തിന് സ്വാതന്ത്ര്യം ഉണ്ട്, അതില്‍ ഇടപെടാന്‍ നമുക്കെന്ത് അവകാശം; വി എന്‍ വാസവന്‍

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നടത്തുന്നത് രാഷ്ട്രീയ ഇടപെടലെന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റുപറയാനാകില്ലെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തില്‍ കോടതി സംതൃപ്തി അറിയിച്ചിട്ടുണ്ട്. തങ്ങളും സംതൃപ്തരാണ്. ഇ ഡി വരവ് നോക്കികാണണം. ഇ ഡിയുടേത് രാഷ്ട്രീയ ഇടപെടലാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ തെറ്റുപറയാനാകില്ല. എസ്‌ഐടി അന്വേഷണത്തിനിടെ മറ്റൊരു അന്വേഷണം വരുന്നതില്‍ ദുരുദ്ദേശം സംശയിച്ചാല്‍ തെറ്റുപറയാനാകില്ലെന്നും വി എന്‍ വാസവന്‍ പറഞ്ഞു.
എന്‍എസ്എസിനും- എസ്എന്‍ഡിപിക്കും ഐക്യത്തിന് സ്വാതന്ത്ര്യം ഉണ്ടെന്നും അതില്‍ ഇടപെടാന്‍ നമുക്കെന്ത് അവകാശമെന്നും വി എന്‍ വാസവന്‍ ചോദിച്ചു. യോജിച്ച് മുന്നോട്ട് പോകുന്നതില്‍ അതാത് സംഘടനകള്‍ക്ക് അവരുടെ സ്വാതന്ത്ര്യം ഉണ്ട്. അതിലൊന്നും ഇടപെടാന്‍ പാര്‍ട്ടിക്ക് അധികാരമോ, അവകാശമോ ഇല്ല. മതം പാര്‍ട്ടിയിലോ പാര്‍ട്ടി മതത്തിലോ ഇടപെടാന്‍ പാടില്ലെന്നും വി എന്‍ വാസവന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വിളിച്ച പത്രസമ്മേളനത്തിനിടെ വി എന്‍ വാസവന്റെ ഫോണ്‍ വന്നതും ചര്‍ച്ചയായിരുന്നു. പത്രസമ്മേളനം നടക്കുകയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും കൊട്ടാരക്കരയിലെ ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിച്ചത് അറിയിക്കാനാണ് താന്‍ വിളിച്ചതെന്നും വി എന്‍ വാസവന്‍ വിശദീകരിച്ചു.
