മെമ്മറി കാര്‍ഡ് വിവാദം..കുക്കു പരമേശ്വരന് ‘അമ്മ’യുടെ വക…

മെമ്മറി കാര്‍ഡ് വിവാദത്തില്‍ നടി കുക്കു പരമേശ്വരന് ക്ലീന്‍ ചീറ്റ് നല്‍കി താരസംഘടനയായ അമ്മ. മെമ്മറി കാര്‍ഡ് വിവാദത്തില്‍ അന്വേഷണം പൂര്‍ത്തിയായതായും പതിനൊന്ന് ആളുകളുടെ മൊഴി രേഖപ്പെടുത്തിയതായും അമ്മ പ്രസിഡന്റ് ശ്വേത മേനോന്‍ പറഞ്ഞു. മൊഴി എക്‌സിക്യുട്ടീവ് കമ്മിറ്റിയ്ക്ക് ബോധ്യപ്പെട്ടതായും ശ്വേത മേനോന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പ്രസിഡന്റ്.

ഇനിയും ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ അവര്‍ക്ക് കോടതിയില്‍ പോകുകയോ തുടര്‍നടപടികള്‍ സ്വീകരിക്കുകയോ, പരാതി പിന്‍വലിക്കുകയോ ചെയ്യാമെന്നും ശ്വേതാ മേനാന്‍ പറഞ്ഞു. റിപ്പോർട്ട് സീൽ ചെയ്ത കവറിൽ സംഘടനയുടെ ലോക്കറിലേക്ക് മാറ്റും. കുക്കു പരമേശ്വരൻ കുറ്റക്കാരിയാണെന്ന് സംഘടന കരുതുന്നില്ല. വനിതാ അംഗങ്ങളുടെ യോഗം ചേർന്നിരുന്നു. അത് റെക്കോർഡ് ചെയ്യപ്പെട്ടിരുന്നു എന്നത് വസ്തുതയാണ്. എന്നാൽ ആ മെമ്മറി കാർഡ് കെപിഎസി ലളിതയ്ക്ക് കൈമാറുകയായിരുന്നുവെന്നും 2018ൽ ഉണ്ടായ സംഭവമാണിതെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കുക്കു പരമേശ്വരന്‍ സംഘടനയില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരത്തിന് ഇറങ്ങിയതിന് പിന്നാലെ നടി പൊന്നമ്മ ബാബുവാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ‘അമ്മ’യിലെ സ്ത്രീകള്‍ ദുരനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിന്റെ വീഡിയോ മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരന്‍ കൈവശപ്പെടുത്തിയെന്നും ഇത് ഹേമാ കമ്മിറ്റിയ്ക്ക് കൈമാറിയില്ലെന്നുമായിരുന്നു ആരോപണം. മെമ്മറി കാര്‍ഡ് ദുരുപയോഗം ചെയ്തോ എന്നതില്‍ ആശങ്കയുണ്ടെന്നും പൊന്നമ്മ ബാബു പറഞ്ഞിരുന്നു.

ഇടവേള ബാബുവും കുക്കു പരമേശ്വരനും ചേര്‍ന്നാണ് മെമ്മറി കാര്‍ഡ് സൂക്ഷിച്ചിരുന്നതെന്നും ഇവര്‍ മെമ്മറി കാര്‍ഡ് ഹേമാ കമ്മിറ്റിയ്ക്ക് മുന്‍പാകെ നല്‍കാന്‍ തയ്യാറായില്ലെന്നും പൊന്നമ്മ ബാബു ആരോപിച്ചു. കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറിയായാല്‍ അംഗങ്ങളെ ഇതുവച്ച് ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്നായിരുന്നു പൊന്നമ്മയുടെ ആരോപണം.

Related Articles

Back to top button