അഭിഭാഷകയുടെ വീട്‌ കുത്തിത്തുറന്ന് 29 പവൻ സ്വർണവും, വെള്ളിയാഭരണങ്ങളും പണവും കവർന്നു; 30 ലക്ഷത്തിന് മേലെ

കാസർഗോഡ് കുമ്പളയിൽ വൻ മോഷണം. അഭിഭാഷകയുടെ വീട്‌ കുത്തിത്തുറന്ന് 29 പവൻ സ്വർണവും, വെള്ളിയാഭരണങ്ങളും പണവും കവർന്നു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. നായ്കാപ്പിലെ അഭിഭാഷക ചൈത്രയുടെ വീട്ടിലാണ് കവർച്ച നടന്നത്. സംഭവത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ കുമ്പള പൊലീസ് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് പരിശോധിച്ച് വരികയാണ്.

ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ചൈത്രയും കുടുംബവും ക്ഷേത്ര ഉത്സവത്തിന് പോയപ്പോഴാണ് മോഷണം. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരകളില്‍ സൂക്ഷിച്ചിരുന്ന 29 പവന്‍ സ്വര്‍ണ്ണം, കാല്‍ലക്ഷം രൂപ വിലവരുന്ന വെള്ളി ആഭരണങ്ങള്‍, 5000 രൂപ എന്നിവ കൈക്കലാക്കിയാണ് രക്ഷപ്പെട്ടത്.

നെക്ലേസ്, വളകള്‍, മോതിരങ്ങള്‍, ബ്രേസ്‌ലെറ്റ്, വലിയ മാല, കമ്മല്‍, കുട്ടികളുടെ മാല, കുട്ടികളുടെ സ്വര്‍ണ്ണവള, കല്ലുവച്ച മാല തുടങ്ങിയ സ്വര്‍ണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സമീപത്ത് താമസിക്കുന്ന ബന്ധുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ സ്വർണ്ണം കൂടി ചൈത്രയുടെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഡിസംബറിലാണ് വിവാഹ നിശ്ചയം കഴിഞ്ഞത്. മൊത്തം 31,67,000 രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.

ഞായറാഴ്ച വൈകുന്നേരം ആറരമണിക്കും രാത്രി എട്ടുമണിക്കും ഇടയിലാണ് സംഭവവമെന്നു പൊലീസ് പറയുന്നു. കാസര്‍കോട് ബാറിലെ അഭിഭാഷകയായ ചൈത്രയും കുടുംബവും വീടുപൂട്ടി കണിപുര ഗോപാലകൃഷ്ണ ക്ഷേത്ര ഉത്സവത്തിനു പോയതായിരുന്നു. രാത്രി എട്ടുമണിക്ക് തിരിച്ചെത്തിയപ്പോള്‍ വീട്ടിനകത്തു ലൈറ്റുകള്‍ കത്തി നില്‍ക്കുന്ന നിലയിലായിരുന്നു.

അകത്തു കയറി പരിശോധിച്ചപ്പോഴാണ് അലമാര കുത്തിത്തുറന്ന് തുണിത്തരങ്ങള്‍ വാരിവലിച്ചിട്ട് അകത്തുണ്ടായിരുന്ന ആഭരണങ്ങളും പണവും കൊള്ളയടിച്ചു കൊണ്ടുപോയതായി വ്യക്തമായത്. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. ചൈത്രയുടെ പരാതിയിലാണ് കുമ്പള പൊലീസ് കേസെടുത്തത്.

മറ്റൊരു സംഭവത്തിൽ തൃശ്ശൂരിൽ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ വൻ മോഷണം. ശിശുരോഗവിഭാഗം പിജി ഡോക്ടർ ശ്രേയാ പോളിന്റെ 20 പവൻ സ്വർണാഭരണങ്ങളാണ് കവർന്നത്. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. മോഷണം നടത്തിയ ശേഷം മറ്റൊരു ഡോക്ടറുടെ ബൈക്കും കവർന്നാണ് സംഘം കടന്നുകളഞ്ഞത്.

ഹോസ്റ്റലിന്റെ പൂട്ടുതകർത്ത് അകത്തുകടന്ന സംഘം അലമാര കുത്തിത്തുറന്നാണ് സ്വർണം കൈക്കലാക്കിയത്. മോഷണം നടക്കുമ്പോൾ ഡോ. ശ്രേയ സ്വന്തം വീട്ടിലായിരുന്നു. മോഷണത്തിന് ശേഷം ഓർത്തോ വിഭാഗത്തിലെ ഡോ. രോഹന്റെ ബൈക്ക് മോഷ്ടിച്ചാണ് ഇവർ രക്ഷപ്പെട്ടത്. രണ്ടുപേരടങ്ങുന്ന സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. മുഖം മറച്ചാണ് ഇവർ എത്തിയിരുന്നത്. വെള്ള വസ്ത്രം ധരിച്ച് അകത്തുകയറിയ പ്രതികൾ പുറത്തിറങ്ങിയത് മറ്റൊരു നിറത്തിലുള്ള വസ്ത്രം ധരിച്ചാണ്. സംഭവം നടന്ന ഞായറാഴ്ച ഹോസ്റ്റലിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല.

Back to top button