പാമ്പിനെ കണ്ടതോടെ രോഗികൾ പലവഴി ഓടി; തൃശൂർ ജനറൽ ആശുപത്രിയിൽ മൂർഖൻ, കണ്ടെത്തിയത് ഓപ്പറേഷന് തിയറ്ററിന് സമീപം

തൃശൂർ ജനറല്‍ ആശുപത്രിയില്‍ ഉഗ്രവിഷമുള്ള പാമ്പ്. മൂർഖൻ പാമ്പിനെയാണ് തൃശൂർ ജനറൽ ആശുപത്രിയിലെ മൈനർ ഓപ്പറേഷൻ തിയറ്ററിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. ജീവനക്കാർ പാമ്പിനെ കണ്ടെത്തിയതിനാൽ ആർക്കും കടിയേറ്റില്ല. ഇന്നലെയായിരുന്നു സംഭവം. പാമ്പിനെ കണ്ടതോടെ രോഗികൾ പലവഴി പാഞ്ഞു. ആശുപത്രി ജീവനക്കാരനും സ്നേക് റെസ്ക്യൂവറുമായ സുധീഷ്. കെ.പിയും കൂടിയാണ് പാമ്പിനെ പിടികൂടിയത്. മൂർഖനെ പിന്നീട് വനംവകുപ്പിന് കൈമാറി. രണ്ടാഴ്ചയായി ആശുപത്രിയുടെ വിവിധ ഭാഗങ്ങളില്‍ പാമ്പിനെ കണ്ടിരുന്നതായി രോഗികള്‍ പറയുന്നു. ആശുപത്രിയുടെ ഒരുവശത്ത് കാടുമൂടി കിടക്കുകയാണ്. ഇവിടെ ഉഗ്ര വിഷമുള്ള പാമ്പുണ്ടെന്നാണ് രോഗികൾ പറയുന്നത്.



