ബേപ്പൂര്‍ പോരാട്ടം കനക്കും; മന്ത്രി റിയാസിനെതിരെ പി.വി അന്‍വര്‍
ബേപ്പൂരില്‍ മത്സരിക്കണമെന്ന പി വി അന്‍വറിന്റെ ആവശ്യത്തിന് യു ഡി എഫ് പച്ചക്കൊടി. സി പി ഐ എമ്മിന്റെ ശക്തികേന്ദ്രത്തില്‍ ജൈന്റ് കില്ലറായി മുന്‍ നിലമ്പൂര്‍ മുന്‍ എം എല്‍എ രംഗത്തുണ്ടാവുമെന്നാണ് ലഭ്യമാവുന്ന വിവരം. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിച്ചില്ലെങ്കിലും ബേപ്പൂരില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് അന്‍വര്‍. മതമേലധ്യക്ഷന്മാരേയും പൗരപ്രമുഖരേയും നേരില്‍ കണ്ട് പിന്തുണ തേടുകയാണ് അന്‍വര്‍. ഇതോടെ ബേപ്പൂരില്‍ മന്ത്രി മുഹമ്മദ് റിയാസിനെ നേരിടാന്‍ അന്‍വര്‍ തന്നെ എത്തുമെന്ന് ഏറെക്കുറേ ഉറപ്പായിരിക്കയാണ്. യു ഡി എഫില്‍ അംഗത്വം തന്നാല്‍ ബേപ്പൂരില്‍ മന്ത്രി മുഹമ്മദ് റിയാസിനെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് നേരത്തെതന്നെ പി വി അന്‍വര്‍ പ്രഖ്യാപിച്ചിരുന്നു. യു ഡി എഫിന്റെ ബാലികേറാ മലയാണ് ബേപ്പൂര്‍. സി പി ഐ എമ്മിന്റെ നെടുംകോട്ടകളില്‍ ഒന്നായി അറിയപ്പെടുന്ന ബേപ്പൂരില്‍ പി വി അന്‍വര്‍ മത്സരിക്കാനെത്തിയാല്‍ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലമായി ഇത് മാറും. തീപ്പാറുന്ന മത്സരം കാഴ്ചവെക്കാനുള്ള നീക്കത്തിലാണ് യു ഡി എഫും.
ബേപ്പൂരില്‍ പി വി അന്‍വറിന് വിജയസാധ്യതയില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് വിദഗ്ധനായ സുനില്‍ കനഗോലുവിന്റെ നിഗമനം. കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ കനഗോലു സമര്‍പ്പിച്ചിരിക്കുന്ന സര്‍വേ റിപ്പോര്‍ട്ടില്‍ ബേപ്പൂരില്‍ പി വി അന്‍വറിന് സാധ്യതയില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. എ്ന്നാല്‍ അന്‍വര്‍ ബേപ്പൂര്‍ സീറ്റില്‍ ഉറച്ചുനില്‍ക്കുകയാണ്. ബേപ്പൂര്‍ അടക്കം മൂന്നു സീറ്റുകളാണ് പി വി അന്‍വര്‍ യു ഡി എഫിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ് അന്‍വറിന്റെ നീക്കത്തില്‍ ഇതുവരെ പരസ്യപ്രതികരണം നടത്തിയിട്ടില്ല. എന്നാല്‍ യു ഡി എഫിന്റെ പച്ചക്കൊടി ലഭിച്ചതോടെയാണ് മണ്ഡലത്തില്‍ സജീവമായതെന്നാണ് ലഭ്യമാവുന്ന വിവരം




