ശബരിമല സ്വർണ്ണക്കൊള്ള കേസിൽ യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ യുഡിഎഫിനെ പഴിചാരുന്ന തന്ത്രം വിലപ്പോവില്ല; രമേശ് ചെന്നിത്തല 

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ യുഡിഎഫിനെ പഴിചാരുന്ന തന്ത്രം വിലപ്പോവില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് ഭരണകാലത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും, അന്ന് വാജിവാഹനം കൈമാറിയത് പരസ്യമായിട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വർണ്ണക്കൊള്ളയിൽ ആരുടെ കാലത്തായാലും ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ അന്വേഷിക്കണം. കുറ്റക്കാർക്കെതിരെ രാഷ്ട്രീയ ഭേദമില്ലാതെ നടപടിയെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. തൊണ്ടിമുതൽ എവിടെയാണെന്ന് വ്യക്തമാക്കേണ്ട സമയം അതിക്രമിച്ചു. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തെറ്റ് തന്നെയാണ്. രാഘവനും,  അജയ് തറയിലും ഇതിന് മറുപടി പറയണം. പ്രതികളെ രക്ഷിക്കാൻ ആരാണ് ശ്രമിക്കുന്നതെന്ന് എല്ലാവർക്കും അറിയാം. സ്വകാര്യ ആശുപത്രിയിൽ പോയി മൊഴിയെടുക്കാൻ പോലും തയ്യാറാകാത്തത് ആരാണെന്നും ജനങ്ങൾക്കറിയാം.

കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് യാതൊരു ചർച്ചയും നടന്നിട്ടില്ല. അവരില്ലാതെ തന്നെ പാർലമെന്റ്, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ യുഡിഎഫ് മികച്ച വിജയം നേടിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലും അത് ആവർത്തിക്കും. സിപിഎമ്മിന്റെ ഗൃഹസന്ദർശനം വെറും രാഷ്ട്രീയ നാടകമാണ്. യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾക്ക് പാർട്ടിയിൽ തുടരാനാകാത്ത സ്ഥിതിയാണുള്ളതെന്നും, ജനങ്ങളെ ഇനിയും പറ്റിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല സ്വർണ്ണക്കൊള്ള വീണ്ടും ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്നും, അന്വേഷണത്തിന് തങ്ങൾ ആരും തടസ്സം നിൽക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

Related Articles

Back to top button