ദേശീയപാത 66ൽ വെങ്ങളം-രാമനാട്ടുകര റീച്ചിൽ ടോൾ പിരിവ് തുടങ്ങി..പ്രതിഷേധവുമായി കോൺഗ്രസ്

ദേശീയപാത 66ൽ കോഴിക്കോട് വെങ്ങളം – രാമാനാട്ടുകര റീച്ചിൽ ടോൾ പിരിവിന് തുടക്കം. നിർമ്മാണം പൂർത്തിയാകാതെ ടോൾ പിരിവ് നടത്തുന്നതിനെതിരെ പ്രതിഷേധവുമായെത്തിയ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ആദ്യ ദിവസം തന്നെ ടോൾ ഗേറ്റിൽ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. പരാതികൾ ദേശീയപാതാ അതോറിറ്റിയെ അറിയിക്കുമെന്ന് പൊതുമരാമത്ത് മുഹമ്മദ് റിയാസ് പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തോടെയായിരുന്നു ആദ്യ ദിനത്തെ ടോൾ പിരിവ് തുടങ്ങിയത്. രാവിലെ എട്ട് മണിയോടെ ടോൾ ഗേറ്റ് പരിസരത്തെത്തിയ പ്രതിഷേധക്കാർ ജീവനക്കാരെ തടഞ്ഞു. ഗേറ്റ് ബലമായി തുറന്ന് വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങി. നിർമ്മാണം പൂർത്തിയാകാത്തതും ഉയർന്ന ടോൾ നിരക്കുമാണ് പ്രതിഷേധത്തിന് കാരണം.

വാഹനത്തിരക്ക് കൂടിയതോടെ സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. 28 കിലോമീറ്റർ ദൂരത്തിന് കാറിന് ഒരു വശത്തേക്ക് 130 രൂപയാണ് ടോൾ. വലിയ വാഹനങ്ങൾക്ക് ഉയർന്ന തുക നൽകണം. ഇത്ര ചെറിയ ദൂരത്തിന് ഉയർന്ന തുക ടോൾ ഈടാക്കുന്നുവെന്നാണ് പരാതി. പല ഇടങ്ങളിലും റോഡിന് വീതിയില്ല. പാലങ്ങൾ അടക്കമുള്ള നിർമ്മാണങ്ങളും പൂർത്തിയായിട്ടില്ല. പ്രദേശവാസികൾക്ക് ടോളിൽ കൂടുതൽ ഇളവ് അനുവദിക്കമെന്നും ആവശ്യം ഉയരുന്നുണ്ട്. അതേസമയം, ടോൾ പിരിവിനെതിരായ പരാതിയിൽ അന്വേഷണത്തിന് കോടതി അഭിഭാഷക കമ്മിഷനെ നിയോഗിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നൽകിയ പരാതിയിൽ കോഴിക്കോട് മുൻസിഫ് കോടതിയുടെതാണ് നടപടി. പ്രതിഷേധം വരും ദിവസങ്ങളിലും തുടരാനാണ് കോൺഗ്രസ് നീക്കം.

Related Articles

Back to top button