ജയിലിൽ അച്ചടക്കലംഘനം; കയ്യിൽ ചരട് കെട്ടുന്നത് വിലക്കിയ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി… കൊടി സുനിക്കെതിരെ കേസ്

തവനൂർ ജയിലിൽ അച്ചടക്കലംഘനം നടത്തിയെന്നും ജയിൽ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിൽ ടിപി കേസിലെ പ്രതി കൊടി സുനിക്കെതിരെ കുറ്റിപ്പുറം പൊലീസ് കേസെടുത്തു. ജയിൽ ജോയിന്റ് സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ മാസം 11ന് കൈയിൽ കെട്ടിയിരുന്ന ചരട് നീക്കാൻ ജയിൽ അധികൃതർ കൊടി സുനിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് അനുസരിക്കാൻ തയ്യാറാകാതിരുന്ന ഇയാൾക്ക് കർശന നിർദേശം നൽകിയതോടെയാണ് പ്രശ്നം രൂക്ഷമായത്. തുടർന്ന് ചരട് ഊരി ജയിൽ പ്രിസൺ ഓഫീസറുടെ ശരീരത്തേക്ക് എറിയുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.
ഇതിന് പിന്നാലെ കഴിഞ്ഞ ദിവസവും കൊടി സുനി വീണ്ടും കൈയിൽ ചരട് കെട്ടിയെത്തി. ഇത് ഒഴിവാക്കണമെന്ന് ജയിൽ ജോയിന്റ് സൂപ്രണ്ട് നിർദേശിച്ചപ്പോൾ, ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്നും പരാതി ഉണ്ട്. ചരട് കെട്ടുന്നത് വിലക്കിയതിന്റെ പേരിൽ വ്യാജ പരാതി നൽകുമെന്നും കുടുംബാംഗങ്ങളെ വരെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയതായാണ് ജയിൽ അധികൃതർ പൊലീസിൽ അറിയിച്ചത്.
ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊടി സുനിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.




