ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് നഷ്ടം രണ്ട് വിക്കറ്റ്…

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം. രാജ്കോട്ട്, നിരഞ്ജന് ഷാ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് രോഹിത് ശര്‍മ (24), ശുഭ്മാന്‍ ഗില്‍ (56) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 19 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ. വിരാട് കോലി (17), ശ്രേയസ് അയ്യര്‍ (4) എന്നിവരാണ് ക്രീസില്‍. ആദ്യ ഏകദിനം കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ് പരമ്പരയില്‍ നിന്ന് പുറത്തായ വാഷിംഗ്ടണ്‍ സുന്ദറിന് പകരം നിതീഷ് കുമാര്‍ റെഡ്ഡി ടീമിലെത്തി. ആയുഷ് ബദോനി, ധ്രുവ് ജുറല്‍ എന്നിവരെ പ്ലേയിംഗ് ഇലവനിലേക്ക് പരിഗണിച്ചില്ല.
സ്കോര്‍ ബോര്‍ഡില്‍ ഗില്ലിനൊപ്പം 70 റണ്‍സ് ചേര്‍ത്ത ശേഷമാണ് രോഹിത് മടങ്ങുന്നത്. 13-ാം ഓവറില്‍ ക്രിസ്റ്റിയന്‍ ക്ലാര്‍ക്കിന്റെ പന്ത് ക്രീസ് വിട്ട് അടിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വീപ്പര്‍ കവറില്‍ വില്‍ യംഗിന് ക്യാച്ച് നല്‍കുകയായിരുന്നു രോഹിത്. പിന്നാലെ ഗില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ അര്‍ധ സെഞ്ചുറിയുടെ സന്തോഷം കുറച്ച് സമയം മാത്രമാണ് നീണ്ടുനിന്നത്. 17-ാം ഓവറില്‍ ഗില്‍ മടങ്ങി. കെയ്ല്‍ ജാമിസണിന്റെ പന്തില്‍ ഡാരില്‍ മിച്ചലിന് ക്യാച്ച്. 53 പന്തുകല്‍ നേരിട്ട ഗില്‍ ഒരു സിക്സും ഒമ്പത് ഫോറും നേടി.




