സതീശന് കാണ്ടാമൃഗത്തേക്കാൾ ചർമ്മബലം, വി ഡി സതീശനെതിരെ വിമർശനവുമായി എം വി ജയരാജൻ

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ച് സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജൻ. സതീശന് കാണ്ടാമൃഗത്തേക്കാൾ ചർമ്മബലമാണെന്നാണ് ജയരാജൻ അഭിപ്രായപ്പെട്ടത്. വി ഡി സതീശനിട്ട കല്ലിനോട് ശുനകന് പോലും താൽപര്യമില്ലെന്നും,  പുനർജ്ജനി പദ്ധതിയെ വിമർശിച്ച് ജയരാജൻ പറഞ്ഞു. വയനാട് പുനരധിവാസത്തിനായി കോൺഗ്രസ് കണ്ടെത്തിയ സ്ഥലം വന്യമൃഗ ശല്യം ഉള്ളതാണ്. കക്കുക,  മുക്കുക എന്നതാണ് കോൺഗ്രസ് രീതിയെന്നും ജയരാജൻ പരിഹസിച്ചു. ഒരു കാലഘട്ടത്തിലും ബി ജെ പിയുമായി സി പി എം വോട്ട് കച്ചവടം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആർ എസ് എസ് വോട്ട് നേടിയാണ് പിണറായി വിജയൻ കൂത്തുപറമ്പിൽ നിന്ന് ജയിച്ചതെന്ന ആരോപണത്തിന് മറുപടി നൽകുകയായിരുന്നു ജയരാജൻ. 2006 ലും 2011 ലും പറവൂരിൽ ബി ജെ പി, വി ഡി സതീശനാണ് വോട്ട് ചെയ്തതെന്നും എല്ലാക്കാലത്തും കോൺഗ്രസും,  ബി ജെ പിയും തമ്മിൽ അന്തർധാരയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ധർമ്മടത്ത് ബി ജെ പി വോട്ട് വർധിച്ചപ്പോൾ പറവൂരിൽ വോട്ട് കുറഞ്ഞത് കോൺഗ്രസ് – ബി ജെ പി ബന്ധത്തിന് തെളിവാണെന്നും എം വി ജയരാജൻ ചൂണ്ടിക്കാട്ടി.

അതുപോലെ , സി പി എം വിട്ട് കോൺഗ്രസിൽ ചേർന്ന ഐഷ പോറ്റിയുടെ നടപടി ദൗർഭാഗ്യകരമാണെന്ന് എം.വി ജയരാജൻ പറഞ്ഞു. ഐഷ പോറ്റിയെ എല്ലാ പദവികളിലും ഇരിക്കാൻ പ്രാപ്തയാക്കിയത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. എന്നാൽ അധികാരം ഇല്ലാത്തപ്പോൾ പാർട്ടി വിട്ടുപോകുന്നത് ശരിയായ നിലപാടല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നതിൽ രൂക്ഷ വിമർശനവുമായി സി പി എം കൊല്ലം ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു. ‘അധികാരം ഇല്ലാത്തപ്പോൾ ഒഴിഞ്ഞുമാറുന്നത് പാർട്ടി പ്രവർത്തകയ്ക്ക് ചേർന്നതല്ല’ എന്നും ഐഷാപോറ്റിയുടെ നിലപാട് അവസരവാദപരം എന്നുമാണ് സി പി എം കൊല്ലം ജില്ലാ കമ്മിറ്റി വിമർശിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഐഷ പോറ്റി പാർട്ടിയിൽ സജീവം അല്ലാതെ ആയി. ഏത് സാഹചര്യത്തിലാണ് ഐഷ പോറ്റി കോൺഗ്രസ്സിലേക്ക് പോയതെന്ന് മനസിലാകുന്നില്ലെന്നും സി പി എം ജില്ലാ കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു.

Back to top button