കേരള കോൺഗ്രസിനെ യുഡിഫിലേക്ക് കൊണ്ട് വരാൻ ആരും ചുമതലപ്പെടുത്തിയിട്ടില്ല, നിലപാട് വ്യക്തമാക്കി കുഞ്ഞാലിക്കുട്ടി

കേരള കോൺഗ്രസ് എമ്മിനെ യു ഡി എഫിലേക്ക് എത്തിക്കാനുള്ള ചർച്ചകൾക്ക് നേതൃത്വം നൽകുന്നുവെന്ന വാർത്തകളോട് പ്രതികരിച്ച് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ആശയപരമായി യോജിക്കാൻ പറ്റുന്ന ആരുമായി യു ഡി എഫ് യോജിക്കുമെന്ന് വ്യക്തമാക്കിയ കുഞ്ഞാലിക്കുട്ടി, കേരള കോൺഗ്രസിനെ കൊണ്ട് വരാൻ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വിവരിച്ചു. ആശയപരമായി യോജിക്കുന്ന ആരുമായും യോജിക്കാമെന്നത് വിശാല അർത്ഥത്തിൽ പറഞ്ഞത് ആണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ‘അർദ്ധ സമ്മതത്തിൽ ഒന്നും നടക്കില്ല’ എന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ഫോർമുല വച്ചുള്ള ചർച്ച ആരുമായും ഉണ്ടായിട്ടില്ല. കൂടുതൽ കക്ഷികൾ യു ഡി എഫിലേക്ക് വരുന്ന ട്രെൻഡ് ഉണ്ടാകും. എന്നാൽ ഇപ്പോൾ അഭ്യൂഹങ്ങളുടെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാലാ സീറ്റുമായി ബന്ധപ്പെട്ട് മാണി സി കാപ്പനുമായി ചർച്ച നടത്തിയെന്ന വാർത്തകളോടും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മാണി സി കാപ്പൻ വീട്ടിൽ വന്നിരുന്നു. ഇതുവഴി പോകുമ്പോൾ വരാറുണ്ട്. അതുപോലെയാണ് ഇപ്പോഴും വന്നത്. നേതാക്കൾ തമ്മിൽ കാണുമ്പോൾ രാഷ്ട്രീയം ചർച്ച ആകും. മാണി സി കാപ്പൻ വന്നപ്പോൾ സ്വാഭാവികമായും, രാഷ്ട്രീയവും ചർച്ചയായി. എന്നാൽ അജണ്ട വച്ച് ഒന്നും ചർച്ചയായിട്ടില്ല. മറ്റു കാര്യങ്ങൾ എല്ലാം അഭ്യൂഹം ആണ്. ബാക്കി ഒന്നും ഇപ്പോൾ പറയാറായിയിട്ടില്ല, കുറച്ചു കഴിയട്ടെ എന്നും കുഞ്ഞാലിക്കുട്ടി വിവരിച്ചു.



