ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി, ഭർത്താവ്,  ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി 

തിരുവനന്തപുരം നാവായിക്കുളത്ത് ഭർത്താവ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ഗുരുതരമായി പരിക്കേറ്റ യുവതി ഇപ്പോൾ  തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഒളിവിൽ പോയ ഭർത്താവിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. നാവായികുളം സ്വദേശിയായ മുനീശ്വരിയെയാണ് ഭർത്താവ് ബിനു തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇരുവരും തമ്മിൽ കുടുംബപ്രശ്നങ്ങളെ തുടർന്ന് വഴക്ക് പതിവാണന്നാണ് അയൽവാസികൾ പറയുന്നത്. ഇന്ന് രാവിലെ 7 മണിക്ക് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും,പിന്നീടിത്   കയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു.

പിന്നാലെ ബിനു മുനീശ്വരിയുടെ രണ്ട് കാലും കാറ്റാടിക്കഴ ഉപയോഗിച്ച് അടിച്ച് ഒടിച്ചു.  നിലത്ത് വീണ മുനീശ്വരിയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. മുനീശ്വരിയുടെ കരച്ചിൽ കേട്ട് നാട്ടുകാ‍ർ ഓടികൂടിയതോടെ ബിനു സ്ഥലത്ത് നിന്ന് രക്ഷപെട്ടു. ഇയാൾക്കായി കല്ലമ്പലം പോലീസ് അന്വേഷണം ഊർജിതമാക്കി. യുവതിയുടെ തലയ്ക്കും, കൈയിലും മുറിവേറ്റിട്ടുണ്ട്. വിദഗ്ദ ചികിത്സയ്ക്കായി യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഹോംനേഴ്സാണ് മുനീശ്വരി.

Related Articles

Back to top button