എൻഡിഎ പ്രചാരണത്തിന് തുടക്കമിടാൻ പ്രധാനമന്ത്രി; ജനുവരി 23 ന് തമിഴ്നാട്ടിൽ

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എൻഡിഎ പ്രചാരണത്തിന് തുടക്കമിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 23 ന് തമിഴ്നാട്ടിലെത്തും . എല്ലാ ഘടകകക്ഷി നേതാക്കളും പങ്കെടുക്കുന്ന പൊതുയോഗം ചെന്നൈയിലോ, മധുരയിലോ സംഘടിപ്പിക്കാനാണ് നീക്കം. മധുരയിലാണ് പൊതുയോഗമെങ്കിൽ, ദീപം തെളിക്കൽ വിവാദത്തിന് കേന്ദ്രമായ തിരുപ്പരങ്കുന്ത്രം ക്ഷേത്രത്തിൽ മോദി ദർശനം നടത്തിയേക്കും. എന്നാൽ തിരുപ്പരങ്കുന്ത്രം സന്ദർശനം ഡിഎംകെ രാഷ്ട്രീയ ആയുധമാക്കുമെന്ന ആശങ്ക എഐഎഡിഎംകെയ്ക്കുണ്ട്. എൻഡിഎ പൊതുയോഗത്തിന് മുൻപായി സഖ്യവിപുലീകരണം പൂർത്തിയാക്കാനാണ് ബിജെപി ശ്രമം. വിജയ്യുമായി നേരത്തെ ചർച്ച നടത്തിയിരുന്ന എഎംഎംകെ നേതാവ് ടി.ടി.വി.ദിനകരനും എൻഡിഎയിലെത്തുമെന്നാണ് സൂചന.

