ശബരിമല സ്വര്‍ണക്കൊള്ള; അറസ്റ്റ് നിയമ വിരുദ്ധം, പങ്കജ് ഭണ്ഡാരി ഹൈക്കോടതിയില്‍

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ റിമാൻഡിലുള്ള പന്ത്രണ്ടാം പ്രതി പങ്കജ് ഭണ്ഡാരി ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റ് നിയമ വിരുദ്ധമെന്നാരോപിച്ചാണ് പങ്കജ് ഭണ്ഡാരിയുടെ ഹർജി. എസ്‌ ഐ ടിയുടെ നടപടിക്രമങ്ങൾ നിയമ വിരുദ്ധമാണെന്നാണ് ഹര്‍ജിയിലെ ആരോപണം. അറസ്റ്റ് ചെയ്തത് മതിയായ കാരണങ്ങള്‍ അറിയിക്കാതെയെന്നും ഹർജിയിലുണ്ട്. ഹര്‍ജിയില്‍ ഹൈക്കോടതി എസ്‌ഐടിയോട് റിപ്പോര്‍ട്ട് തേടി. ഒരാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് ജസ്റ്റിസ് എ ബദറുദ്ദിൻ്റെ നിർ‍ദേശം. ഹര്‍ജി അടുത്ത ബുധനാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.

ശബരിമല ദ്വാരപാലക ശിൽപ്പ കേസിലും തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്യാൻ എസ്ഐടിക്ക് കോടതിയുടെ അനുമതി. തന്ത്രിക്ക് തട്ടിപ്പിൽ ബന്ധമുണ്ടെന്ന റിപ്പോർട്ട് എസ്ഐടി കൊല്ലം വിജിലൻസ് കോടതിയിൽ നൽകി. സ്വർണം ചെമ്പാക്കിയ വ്യാജ മഹസറിൽ തന്ത്രി ഒപ്പിട്ട് ഗൂഡാലോചനയിൽ പങ്കാളിയായെന്ന് എസ്ഐടി കോടതിയെ അറിയിച്ചു. ജയിലിലെത്തി അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തും. കട്ടിളപാളി കടത്തിയ കേസിലാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. അതേസമയം, തന്ത്രിയുടെ ജാമ്യാപേക്ഷ 19ലേക്ക് മാറ്റി. മുൻ ദേവസ്വം പ്രസിഡൻ്റ് എ പത്മകുമാറിൻെറ റിമാൻഡ് നീട്ടുകയും ചെയ്തു. ഈ മാസം 27വരെയാണ് റിമാൻഡ് കാലാവധി നീട്ടിയത്. ‍

Related Articles

Back to top button