ഇന്ത്യൻ ആർമി ഓഫീസർ മേജർ സ്വാതി ശാന്ത കുമാറിന് യുഎൻ സെക്രട്ടറി ജനറൽ അവാർഡ്

ദക്ഷിണ സുഡാനിലെ ഐക്യരാഷ്ട്രസഭയുടെ ദൗത്യത്തിൽ (UNMISS) സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ ആർമി ഓഫീസർ മേജർ സ്വാതി ശാന്ത കുമാറിന് യുഎൻ സെക്രട്ടറി ജനറൽ അവാർഡ് ലഭിച്ചു. ഈക്വൽ പാർട്ണേഴ്സ്, ലാസ്റ്റിങ് പീസ് എന്ന പദ്ധതിക്കാണ് ബെം​ഗളൂരു സ്വദേശിയായ സ്വാതിക്ക് അഭിമാനകരമായ പുരസ്കാരം സമ്മാനിച്ചത്. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഞായറാഴ്ചയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 5,000 ത്തോളം സ്ത്രീകൾക്ക് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിച്ച മേജർ സ്വാതിയുടെ തന്ത്രപരമായ പ്രവർത്തനങ്ങൾ ദക്ഷിണ സുഡാനിലെ സംഘർഷബാധിത പ്രദേശങ്ങളിൽ പ്രാദേശിക സമാധാന പ്രക്രിയകളിൽ സജീവമായി പങ്കെടുക്കാനും അവരെ പ്രാപ്തരാക്കാനും സഹായിക്കുന്നുവെന്നും യുഎൻ വിലയിരുത്തി. മേജർ സ്വാതി നയിക്കുന്ന ഇന്ത്യൻ എൻഗേജ്‌മെന്റ് ടീമിന്റെ നേതൃത്വം, അടിസ്ഥാനതല സുരക്ഷ ശക്തിപ്പെടുത്തുന്നതിലും സമൂഹത്തിൽ ആത്മവിശ്വാസം വളർത്തുന്നതിലും നിർണായക പങ്ക് വഹിച്ചു. ലോകമെമ്പാടുമുള്ള സമാധാന സേനയിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി യുഎൻ വ്യാപകമായി നടത്തിയ ഉയർന്ന മത്സരാധിഷ്ഠിത വോട്ടെടുപ്പിനെ തുടർന്നാണ് സ്വാതിക്ക് പുരസ്കാരം ലഭിച്ചത്.

ഇന്ത്യൻ സംഘം സംയോജിത നദീതീര പട്രോളിംഗും ഡൈനാമിക് എയർ പട്രോളിംഗും ഉൾപ്പെടെ വിപുലമായ ഹ്രസ്വ, ദീർഘദൂര പട്രോളിംഗുകൾ നടത്തുകയും ദക്ഷിണ സുഡാനിലെ ഏറ്റവും വിദൂരവും അക്രമബാധിതവുമായ കൗണ്ടികളിൽ എത്തുകയും ചെയ്തു. പദ്ധതി അന്താരാഷ്ട്ര സമാധാന സേന ദൗത്യങ്ങളിൽ തുല്യതയ്‌ക്ക് പുതിയ മാനദണ്ഡം സൃഷ്ടിച്ചു.

ചടങ്ങിൽ സംസാരിച്ച സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പദ്ധതിയെ പ്രശംസിച്ചു. മകളുടെ പരിശ്രമത്തിന് ആഗോളതലത്തിൽ അംഗീകാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് സ്വാതിയുടെ അമ്മയും വിരമിച്ച ഹെഡ്മിസ്ട്രസുമായ രാജാമണി പറഞ്ഞു. 2018 ൽ ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ  പരിശീലനം പൂർത്തിയാക്കി. പശ്ചിമ ബംഗാളിലെ കലിംപോങ്ങിൽ രണ്ട് വർഷം ലെഫ്റ്റനന്റായി സേവനമനുഷ്ഠിച്ചു. തുടർന്ന് ലഡാക്കിലെ ലേ ജില്ലയിലെ കരു ഗ്രാമത്തിൽ രണ്ട് വർഷം ക്യാപ്റ്റനായി സേവനമനുഷ്ഠിച്ചു. ദക്ഷിണ സുഡാനിലേക്ക് വിന്യസിക്കപ്പെടുന്നതിന് മുമ്പ് ഒരു വർഷം ഗുജറാത്തിൽ ജോലി ചെയ്തു.

Related Articles

Back to top button