ഇത് ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലാദ്യം, ഹണി എം വര്‍ഗീസിന്റെ വിമർശനത്തിന് മറുപടിയുമായി ടി ബി മിനി

നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ജഡ്‌ജി ഹണി എം വര്‍ഗീസിന്റെ വിമർശനത്തിന് മറുപടിയുമായി അതിജീവിതയുടെ അഭിഭാഷക ടി ബി മിനി. ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലാദ്യമായാണ് ഒരു ജഡ്‌ജി കോടതി മുറിയില്‍ വക്കീല്‍ ഇല്ലാത്ത സമയത്ത് കളവ് പറഞ്ഞ് അപകീര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മിനി ടി ബി വിമർശിച്ചു. ഒന്നര വര്‍ഷക്കാലം താന്‍ ട്രയല്‍ കോടതിയില്‍ ഉണ്ടായ ആളാണെന്നും മിനി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
‘ഈ കേസില്‍ ആദ്യം വക്കാലത്ത് സഞ്ജയ് എന്ന വക്കീലിനായിരുന്നു. രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ രാജിവച്ചു. ഒരാള്‍ ഹൈക്കോടതിയില്‍ കേസ് കൊടുത്തു. ഈ കോടതിയില്‍ ഈ കേസ് നടത്തുവാന്‍ വരുവാന്‍ പ്രോസിക്യൂട്ടറായി പലരും തയ്യാറായില്ല. മെമ്മറി കാര്‍ഡ് ലീക്കായ കേസ് ഞാന്‍ ഹൈക്കോടതിയില്‍ കേസ് നല്‍കി. ഇതിനിടയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മെമ്മറി കാര്‍ഡ് പരിശോധിക്കുവാന്‍ ഈ കോടതിയില്‍ അപേക്ഷ വച്ചു. എങ്കിലും കോടതി അതിന് തയ്യാറായില്ല. മാത്രമല്ല ഫര്‍ദര്‍ അന്വേഷണത്തിന് അത് വലിയ തടസ്സം സൃഷ്ടിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ ഫയല്‍ ചെയ്ത ആ ഹര്‍ജിയില്‍ ഹാജരായ അഡ്വ അജകുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയോഗിച്ചപ്പോള്‍ സഞ്ജയ് വക്കീല്‍ വക്കാലത്ത് മാറി എനിക്ക് വന്നു. അതിജീവിത ഈ സമയത്ത് അഡ്മിനിസ്‌ട്രേറ്റീവ് നിലയിലും ജുഡീഷറി ലെവലിലും ഈ ജഡ്ജി നീതി നടപ്പിലാക്കില്ല എന്ന ആരോപണവുമായി ബഹു കേരള ഹൈക്കോടതിയിലും , പിന്നെ സുപ്രീം കോടതിയിലും ഹര്‍ജിനല്‍കി. പക്ഷെ അത് അനുവദിച്ചില്ല’, മിനി പറയുന്നു.
പുതിയതായി വന്ന സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്കും ആ കോടതിയില്‍ നല്ല അനുഭവമായിരുന്നില്ലെന്നും പൂര്‍ണ്ണമായി ഒരു വശം പിടിക്കുന്നു എന്ന് തോന്നുന്ന രീതിയായിരുന്നു ഇടപെടലെന്നും മിനി കൂട്ടിച്ചേര്‍ത്തു. പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഒന്നര വര്‍ഷത്തില്‍ അസുഖമായിട്ടോ ജില്ലയില്‍ പുറത്ത് വര്‍ക്ക് വന്നിട്ടോ ഞാന്‍ കോടതിയില്‍ ചെന്നില്ല എന്നതൊഴിച്ചാല്‍ എല്ലാ ദിവസവും താന്‍ ആ കോടതിയില്‍ ഉണ്ടായിരുന്നുവെന്നും മിനി വ്യക്തമാക്കി. തനിക്ക് ഒരു റോളും അനുവദിക്കപ്പെട്ടിട്ടില്ലെന്നും അതിന് നിയമപരമായി അതിജീവിതയുടെ അഭിഭാഷകയ്ക്ക് വിചാരണ കോടതിയില്‍ അനുവാദമില്ലെന്നും അവര്‍ വ്യക്തമാക്കി. അതിജീവിതയായ നടിയുടെ കേസിന്റെ വിചാരണ കോടതിയില്‍ ഒന്നര വര്‍ഷത്തോളം സ്ഥിരം ഇരുന്ന ഒരു വക്കീലിനെതിരെ മാധ്യമങ്ങള്‍ കേള്‍ക്കുവാന്‍ 10 ദിവസത്തില്‍ താഴെ മാത്രം കോടതിയില്‍ വന്നു എന്ന് കോടതിയുടെ കേസ് വിധി പറഞ്ഞ ശേഷം ഒരു ജഡ്ജി കളവായി ഡെക്കോറത്തിന് ചേരാത്ത വിധത്തില്‍ എന്തിന് പറഞ്ഞെന്നും മിനി പറഞ്ഞു.



