ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതി ചേർക്കപ്പെട്ട കെ.പി. ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ എസ്ഐടിക്ക് കോടതിയുടെ രൂക്ഷവിമർശനം

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതി ചേർക്കപ്പെട്ട ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ എസ്ഐടിക്ക് കോടതിയുടെ രൂക്ഷവിമർശനം. സ്വർണക്കൊള്ളക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് എസ്ഐടിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ഉണ്ടായത്.

എന്തുകൊണ്ടാണ് ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതെന്ന് കോടതി എസ്ഐടിയോടു ആരാഞ്ഞു. ഒരാൾ പ്രതി ചേർത്ത അന്നു മുതൽ ആശുപത്രിയിൽ കിടക്കുകയാണെന്നും, അയാളുടെ മകൻ എസ്‌പി ആയതുകൊണ്ടാണോ ഇത്തരമൊരു വീഴ്ചയെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ എസ്ഐടിയോടു ചോദിച്ചു. 

മുൻപ് പ്രതിചേർക്കപ്പെട്ട ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് ദേവസ്വം ബോർഡ് ഭരണസമിതിയിലെ രണ്ട് അംഗങ്ങൾക്കുനേരെ എന്തുകൊണ്ടാണ് അന്വേഷണം നടത്താത്തതെന്ന് കോടതി ചോദിച്ചത്. ഇതിനു ശേഷമാണ് എസ്ഐടി ശങ്കരദാസിനെ അടക്കം പ്രതിചേർത്തത്. എന്നാൽ കേസെടുത്തതിനു പിന്നാലെ ശങ്കരദാസ് ആശുപത്രിയിൽ പക്ഷാഘാതത്തിനു ചികിത്സ തേടി. ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്ത നടപടിയെ പ്രതിപക്ഷം അടക്കം ചോദ്യം ചെയ്തിരുന്നു. സ്വർണ വ്യാപാരി ഗോവർധൻ, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ, മുരാരി ബാബു എന്നിങ്ങനെ ശബരിമല സ്വർണക്കൊള്ള കേസിലെ മൂന്നു പ്രതികളുടെ ജാമ്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ജാമ്യാപേക്ഷ വിധി പറയുന്നതിനായി മാറ്റി. അതേസമയം ഇന്ന് കൊല്ലം പ്രിൻസിപ്പൽ സെഷൻ കോടതിയിൽ കെ.പി. ശങ്കരദാസ് നൽകിയ ജാമ്യഹർജി പരിഗണിക്കുന്നത് ജനുവരി 14ാം തീയതിയിലേക്കു മാറ്റിവച്ചു.

Back to top button