കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു, മൂന്ന് പേർക്ക് ദാരുണാന്ത്യം

കോട്ടയം കുറവിലങ്ങാട് മോനിപ്പള്ളിയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. എംസി റോഡിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ യാത്രികരായ മൂന്നുപേർക്കാണ് ജീവൻ നഷ്ടമായത്. ഇവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. അപകടത്തിൽ മൂന്നു പേ‍ർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കെഎസ്ആർടിസി ബസിലുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ 11മണിക്കായിരുന്നു സംഭവം. ഏറ്റുമാനൂർ നീണ്ടൂർ ഓണംതുരുത്ത് കുറുപ്പൻ പറമ്പിൽ സുരേഷ് കുമാർ ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സ്ത്രീയും കുട്ടിയും മരിച്ചിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. മൂവാറ്റുപുഴ ഭാഗത്തുനിന്ന് ഏറ്റുമാനൂരിലേക്ക് പോകുകയായിരുന്ന കാറും കോട്ടയം – കൂത്താട്ടുകുളം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ഓർഡിനറി ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിന് പിന്നാലെ കൂത്താട്ടുകുളത്ത് നിന്ന് അഗ്നിരക്ഷാ സേന എത്തി കാർ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. അപകടത്തിന് പിന്നാലെ എംസി റോഡിൽ വാഹനഗതാഗതം സ്തംഭിച്ചു.

Related Articles

Back to top button