തന്ത്രിയുടെ വീട്ടിലെ സ്വർണത്തിലും പരിശോധന; സ്ത്രീകളുടെയും, കുട്ടികളുടെയും അടക്കം ആഭരണങ്ങൾ പരിശോധിച്ച് എസ്ഐടി

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിലെ സ്വർണം അടക്കം പരിശോധിച്ച് എസ്ഐടി. വീട്ടിലെ സ്ത്രീകളുടെയും, കുട്ടികളുടെയും ആഭരണങ്ങൾ ഉൾപ്പെടെയാണ് എസ്ഐടി പരിശോധിച്ചത്. സ്വർണത്തിന്റെ പഴക്കവും മൂല്യവും കണക്കാക്കാനാണ് പരിശോധന. ഇതിനായി ചെങ്ങന്നൂരിലെ എസ്ബിഐ ബാങ്കിലെ സ്വർണപ്പണിക്കാരനെയും എസ്ഐടി എത്തിച്ചു. പരിശോധന നിലവിൽ നാല് മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. പരിശോധനയിൽ സ്വർണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയം ഉണ്ടാകുകയാണെങ്കിൽ അവ കൂടുതൽ പരിശോധനകൾക്കായി എസ്ഐടി കൊണ്ടുപോയേക്കും എന്നും സൂചനകളുണ്ട്.
ഉച്ചയോടെയാണ് സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠരര് മോഹനരുടെ വീട്ടിൽ എസ്ഐടി പരിശോധനയ്‌ക്കെത്തിയത്. ചെങ്ങന്നൂരിലെ വീട്ടിലാണ് ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പരിശോധനയ്‌ക്കെത്തിയത്. വീട്ടിലുണ്ടായിരുന്നവരെയെല്ലാം പുറത്താക്കിയ ശേഷമാണ് പരിശോധന നടത്തുന്നത്.
അതേസമയം, ജയിലിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെ കണ്ഠരര് രാജീവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിലേക്ക് മാറ്റി. മെഡിക്കൽ കോളേജിലെ എംഐസിയു ഒന്നിലേക്കാണ് തന്ത്രിയെ മാറ്റിയത്. കൂടുതൽ പരിശോധനകൾക്കായി തന്ത്രിയെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യുകയായിരുന്നു.




