കലോത്സവ വേദിയ്ക്ക് താമരയുടെ പേരിട്ടത് ബിജെപിയെ സഹായിക്കാൻ; ബിജെപിയുടെ പി ആർ ഏജൻസിയാണ് സിപിഐഎം , ജോസഫ് ടാജറ്റ്

ബിജെപിയുടെ പി ആർ ഏജൻസിയാണ് സിപിഐഎമ്മെന്ന് തൃശൂർ ഡിസിസി അദ്ധ്യക്ഷൻ ജോസഫ് ടാജറ്റ്. സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയ്ക്ക് താമരയുടെ പേരിട്ടത് ബിജെപിയെ സഹായിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം, ബിജെപി അന്തർധാര ശക്തമാണ്. ബിജെപി നേതാവിനെ ഫോണിൽ വിളിച്ച് താമര ഉൾപ്പെടുത്താമെന്ന് മന്ത്രി വി ശിവൻകുട്ടി ഉറപ്പു കൊടുത്തുവെന്ന് ജോസഫ് ടാജറ്റ് ആരോപിച്ചു. ബിജെപി മേഖല അധ്യക്ഷൻ എ നാഗേഷിനെ മന്ത്രി വി. ശിവൻകുട്ടി വിളിച്ചത് എന്തിനാണ്. വലിയ പ്രതിഷേധം ഉണ്ടാകാതെ തന്നെ താമരയുടെ പേരിട്ടു. ബിജെപിയെ സഹായിക്കാൻ മന്ത്രി ഗൂഢാലോചന നടത്തിയെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.
സ്‌കൂൾ കലോത്സവ വേദികളുടെ പേരുകളിലേക്ക് താമരയും എത്തുന്നു. കലോത്സവവേദിക്ക് താമരയുടെ പേരിടും. ഡാലിയയുടെ പേര് ഒഴിവാക്കി പതിനഞ്ചാം നമ്പർ വേദിക്ക് താമര എന്ന് പേരിടാനാണ് തീരുമാനം.താമര രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നമായതിനാൽ വിവാദം വേണ്ടെന്ന് കരുതി ഒഴിവാക്കിയതാണെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ വിശദീകരണം. പിന്നാലെ പ്രതിഷേധവുമായി യുവമോർച്ചയടക്കം രംഗത്തെത്തിയിരുന്നു.
സൂര്യകാന്തിയും ആമ്പൽപ്പൂവും അടക്കം സകല പൂക്കളുടെ പേരുകളും സ്‌കൂൾ കലോത്സവവേദികളുടെ പേരുകളായി നിശ്ചയിച്ചു. ഇരുപത്തിനാല് പൂക്കളുടെ പേരുകളിൽ താമരയില്ല. മറ്റുപൂക്കളുടെ പേരുകൾക്കൊപ്പം താമരയും വേണ്ടതാണെന്ന് യുവമോർച്ച ചൂണ്ടിക്കാട്ടിയിരുന്നു.




