ഇന്ത്യയിലെ ഏറ്റവും വലിയ പാലം; അരൂർ – തുറവൂർ ഉയരപ്പാതയിൽ ഇപ്പോൾ കേരളത്തിലാദ്യമായി നോയിസ് ബാരിയറും

ആലപ്പുഴ: അരൂർ – തുറവൂർ ഉയരപ്പാതയിൽ ബ്രിഡ്ജ് നോയിസ് ബാരിയർ സ്ഥാപിക്കുന്നു. ശബ്ദ മലിനീകരണം നിയന്ത്രിക്കുന്നതിനായാണ് നോയിസ് ബാരിയർ സ്ഥാപിക്കുന്നത്. സംസ്‌ഥാനത്ത് ആദ്യമായാണ് ദേശീയപാതയിലെ പാലത്തിൽ ശബ്ദ മലിനീകരണം നിയന്ത്രിക്കുന്നതിനായി ആധുനിക സംവിധാനം സ്‌ഥാപിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ പാലമായ അരൂർ തുറവൂർ ഉയരപ്പാതയുടെ നിർമാണം 85 ശതമാനം പൂർത്തിയായിട്ടുണ്ട്.
അരൂർ – തുറവൂർ ഉയരപ്പാതയുടെ നീളം 12.75 കിലോമീറ്ററാണ്. പാലത്തിന്റെ ഇരുവശങ്ങളിലുമായാണ് നോയിസ് ബാരിയർ സ്‌ഥാപിക്കുന്നത്. 6 വരിപാതയുടെ ഇരുവശങ്ങളിലുമായി 25.5 കിലോമീറ്റർ ഭാഗത്ത് 40 സെന്റീമീറ്റർ കൈവരിക്കു മുകളിൽ 1.50 മീറ്റർ ഉയരത്തിലുള്ള ബ്രിജ് നോയിസ് ബാരിയറുകൾ സ്‌ഥാപിക്കുന്ന ജോലിയാണ് തുടങ്ങിയത്.
നോയിസ് ബാരിയർ കൊണ്ടുള്ള പ്രയോജനം
വാഹനത്തിന്റെ ഹോൺ – എൻജിൻ ശബ്ദം കുറയ്ക്കുക, ഉയരപ്പാതയുടെ സമീപമുള്ള വീടുകൾ, ആശുപത്രികൾ, സ്‌കൂളുകൾ എന്നിവയെ ശബ്ദ മലിനീകരണത്തിൽ നിന്നും സംരക്ഷിക്കുക, പാതയോരത്തുള്ള പ്രദേശങ്ങളിൽ ശബ്ദ മലിനീകരണ നിയന്ത്രണ നിയമം പാലിക്കുക എന്നിവയ്ക്കായാണ് നോയിസ് ബാരിയർ സ്‌ഥാപിക്കുന്നത്. വാഹനങ്ങൾ അമിത വേഗത്തിൽ പോകുമ്പോൾ ഉണ്ടാകുന്ന മുഴക്കവും നിയന്ത്രിക്കാൻ സാധിക്കും.
അരൂർ – തുറവൂർ ഉയരപ്പാതയുടെ ഇരുവശങ്ങളിലുമായി സ്‌ഥാപിക്കുന്ന നോയിസ് ബാരിയർ മെറ്റൽ സൗണ്ട് അബ്സോർബിങ് പാനലിന്റെ ഉള്ളിൽ മിനിറൽ വൂൾ, ഭാരം കുറഞ്ഞ സുതാര്യമുള്ള അക്രലിക് പോളി കാർബണേറ്റ് ഷീറ്റ്, ഭാരം കുറവുള്ളതും സുതാര്യവുമായ ഗ്ലാസ് പാനലുകളും ഉപയോഗിക്കുന്നു.



