ആധാറിൻ്റെ പുതിയ മുഖം ‘ഉദയ്’……

ആധാറിന് കൂടുതൽ ജനകീയമായ പ്രതിരൂപം നൽകുന്നതിനായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) പുറത്തിറക്കിയ പുതിയ ഔദ്യോഗിക ചിഹ്നം ഒരു മലയാളി തിളക്കം സ്വന്തമാക്കി. 875 പേർ പങ്കെടുത്ത ദേശീയതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് തൃശൂർ സ്വദേശിയായ അരുൺ ഗോകുൽ ആണ്. ‘ഉദയ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ലോഗോ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ UIDAI ചെയർമാൻ നീലകണ്ഠ് മിശ്ര പുറത്തിറക്കി.
ആധാർ സേവനങ്ങൾ ജനങ്ങൾക്ക് കൂടുതൽ ലളിതമായി മനസ്സിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘മൈ ഗവ്’ (MyGov) പ്ലാറ്റ്‌ഫോം വഴി ഡിസൈൻ മത്സരം സംഘടിപ്പിച്ചത്. തൃശൂർ സ്വദേശി അരുൺ ഗോകുൽ ഒന്നാം സ്ഥാനവും, പൂനെയിൽ നിന്നുള്ള ഇദ്രിസ് ദാവൈവാല രണ്ടാം സ്ഥാനവും, ഉത്തർപ്രദേശിലെ കൃഷ്ണ ശർമ്മ മൂന്നാം സ്ഥാനവും നേടി.
ആധാർ വിവരങ്ങൾ പുതുക്കൽ, ഓഫ്‌ലൈൻ വെരിഫിക്കേഷൻ, സുരക്ഷിതമായ വിവര കൈമാറ്റം തുടങ്ങിയ സേവനങ്ങളെക്കുറിച്ച് സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ ‘ഉദയ്’ ഒരു സഹായിയായി പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ജനപങ്കാളിത്തത്തോടെയുള്ള ഇത്തരമൊരു മത്സരം ആധാറിന് പൊതുജനങ്ങൾക്കിടയിലുള്ള വിശ്വാസവും സ്വീകാര്യതയും വർദ്ധിപ്പിക്കുമെന്ന് UIDAI സിഇഓ ഭുവ്‌നേഷ് കുമാർ പറഞ്ഞു. ആധാർ സേവനങ്ങളെക്കുറിച്ചുള്ള ആശയവിനിമയം കൂടുതൽ സുതാര്യവും ജനസൗഹൃദവുമാക്കാൻ ഈ പുതിയ ചിഹ്നം സഹായിക്കും.




