തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഛിന്നഭിന്നമാകും, പിണറായി വീണ്ടും മത്സരിക്കും;എകെ ബാലൻ

പിണറായി വിജയൻ വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എകെ ബാലൻ. സിപിഎമ്മിലെ രണ്ട് ടേം വ്യവസ്ഥ അനിവാര്യ ഘട്ടങ്ങളിൽ മാറ്റുമെന്നും വ്യവസ്ഥകള്‍ ഇരുമ്പുലക്കയല്ലെന്നും,  പിണറായി മത്സരിക്കുന്നത് എൽഡിഎഫിന് ഗുണം ചെയ്യുമെന്നും എകെ ബാലൻ മാധ്യമങ്ങളോട്  പറഞ്ഞു. തിരഞെടുപ്പ് പ്രചാരണത്തിന നേതൃത്വം നൽകുന്നയാൾ അടുത്ത മുഖ്യമന്ത്രിയാകും. അടുത്ത തിരഞ്ഞെടുപ്പോടെ കോൺഗ്രസ് ഛിന്നഭിന്നമാകും. അബോർട്ട് ചെയ്യാൻ പോകുന്ന കുഞ്ഞിന്‍റെ ജാതകം ഇപ്പോൾത്തന്നെ നിശ്ചയിക്കേണ്ട കാര്യമില്ലല്ലോയെന്നും അദ്ദേഹം  പറഞ്ഞു. ഫലം വരുമ്പോൾ കോൺഗ്രസ് പൂർണമായി അബോർട്ട് ചെയ്യപ്പെടും. യുഡിഎഫിന്‍റെ 100ലധികം സീറ്റെന്ന മോഹം മലർ പൊടിക്കാരന്‍റെ സ്വപ്നമാണെന്നും എകെ ബാലൻ പരിഹസിച്ചു. രണ്ടാം പിണറായി സര്‍ക്കാര്‍ അത്ഭുതങ്ങള്‍ കാണിച്ച സര്‍ക്കാരാണ്. അതിനാൽ തന്നെ എൽഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തും. വെള്ളാപ്പള്ളി നടേശൻ ന്യൂനപക്ഷത്തെ അധിക്ഷേപിച്ചിട്ടില്ല.

ലീഗിനെയാണ് വെളളാപ്പള്ളി വിമർശിക്കുന്നത്. അതിൽ എന്താണ് തെറ്റെന്നും എകെ ബാലൻ ചോദിച്ചു. സിപിഐയും,  വെള്ളാപ്പള്ളി നടേശനുമായുള്ള തര്‍ക്കം അവരുടെ കാര്യമാണെന്നും എകെ ബാലൻ പറഞ്ഞു. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികളായ സി പി എം നേതാക്കൾക്കെതിരെ ഉചിതമായ ഘട്ടത്തിൽ നടപടിയുണ്ടാകും. സ്വർണക്കൊള്ള വിഷയം എൽഡിഎഫിനെ തിരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്നും എകെ ബാലൻ പറഞ്ഞു. പോറ്റിയെ കണ്ടേ, സോണിയ കണ്ടു എന്ന് പാടാൻ അവർക്ക് നാവെന്താ പൊന്താത്തതെന്നും എകെ ബാലൻ വിമര്‍ശിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ മത്സരിക്കില്ലെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തന്നെ നിലപാട് അറിയിച്ചതാണെന്നും എകെ ബാലൻ പറഞ്ഞു. തൻ്റെ ഭാര്യയുടെ പേരും കഴിഞ്ഞ തവണ കേട്ടിരുന്നുവെന്നും എകെ ബാലൻ പറഞ്ഞു.

Related Articles

Back to top button