ഭക്ഷണം കഴിക്കുന്നതിനിടെ പുലി കർഷകനുമായി കിണറ്റിലേക്ക്, കൂടുമായി എത്തിയ വനംവകുപ്പ് സംഘത്തെ തടഞ്ഞ് നാട്ടുകാർ, പുലിക്കും കർഷകനും ദാരുണാന്ത്യം

പാടത്ത് ജോലിക്കിടെ പുള്ളിപ്പുലിയുടെ ആക്രമണം. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കർഷകൻ കിണറ്റിൽ വീണു. പിന്നാലെ പുലിയും കിണറ്റിലേക്ക്. പുലിയുടെ ആക്രമണത്തിലും വീഴ്ചയിലുള്ള പരിക്കുമേറ്റ് കർഷകൻ കൊല്ലപ്പെട്ടു. വിവരമറിഞ്ഞ സംഭവ സ്ഥലത്തേക്ക് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാർ. ഒടുവിൽ പരിക്കേറ്റ് പുലിയും ചത്തു. മഹാരാഷ്ട്രയിലെ നാസിക്കിലെ സിന്നർ താലൂക്കിലെ ഷിവ്ദയിൽ ഞായറാഴ്ചയാണ് സംഭവം. ഗോരഖ് ജാദവ് എന്ന കർഷകൻ ഞായറാഴ്ച പാടത്തെ ജോലിക്കിടെ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് പുലി ആക്രമിക്കുന്നത്. പുലിയിൽ നിന്ന് രക്ഷപ്പെടാൻ ഗോരഖ് ജാദവ് പുലിയേയും ആക്രമിച്ചു.ഇതിനിടെ പുലിയും ഗോരഖ് ജാദവും സമീപത്തുണ്ടായിരുന്ന കിണറ്റിലേക്ക് വീണ് പോവുകയായിരുന്നു. എന്നാൽ വീഴ്ചയിൽ പരിക്ക് കൂടി സംഭവിച്ചതിനാൽ ഗോരഖ് ജാദവ് മരിച്ചു. സംഭവമറിഞ്ഞ് വനം വകുപ്പ് സംഘം ഗ്രാമത്തിലേക്ക് എത്തി. എന്നാൽ കർഷകന്റെ മരണത്തോടെ പ്രകോപിതരായ നാട്ടുകാർ വനംവകുപ്പ് സംഘത്തെ മേഖലയിലേക്ക് കടത്തി വിടാതെ തടയുകയായിരുന്നു. മൂന്ന് മണിക്കൂറിലേറെ ചർച്ചകൾ നടത്തിയ ശേഷമാണ് മേഖലയിലേക്ക് കടന്ന് ചെല്ലാൻ വനംവകുപ്പ് സംഘത്തിന് സാധിച്ചത്. ഇതിനോടകം പരിക്കേറ്റ പുലിയും ചത്തിരുന്നു.
കിണറിലേക്ക് കൂടിറക്കി പുലിയെ രക്ഷിക്കാനായി വനംവകുപ്പ് എത്തിയതാണ് നാട്ടുകാരെ പ്രകോപിതരാക്കിയത്. കിണറിൽനിന്നും പുലിയെ രക്ഷിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ ജനക്കൂട്ടം ഉറച്ചതോടെ മേഖലയിൽ സംഘർഷാവസ്ഥയുമുണ്ടായി. സവ്ത മാലി സ്വദേശിയായ ഗോരഖ് ജാദവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനായി സിന്നറിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി




