തൊണ്ടിമുതൽ കേസ്… ആന്‍റണി രാജുവിന്‍റെ ശിക്ഷയിൽ അപ്പീലുമായി പ്രോസിക്യൂഷൻ….

തൊണ്ടിമുതൽ കേസിൽ ആന്‍റണി രാജുവിനും വഞ്ചിയൂർ കോടതിയിലെ ക്ലർക്കായിരുന്ന ജോസിനും നെടുമങ്ങാട് കോടതി വിധിച്ച ശിക്ഷയിൽ അപ്പീലിന് പ്രോസിക്യൂഷൻ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. പ്രതികൾക്ക് ഐപിസി 409 വകുപ്പ് പ്രകാരം 14 വർഷം വരെ ശിക്ഷ ലഭിക്കേണ്ടതാണ്എന്നാൽ മൂന്നു വർഷത്തെ പരമാവധി ശിക്ഷ മാത്രമാണ് നൽകിയിട്ടുള്ളത്. ഇത് പര്യാപ്തമല്ലെന്നാണ് പ്രോസിക്യൂഷന്‍റെ നിലപാട്. ശിക്ഷാവിധി റദ്ദാക്കാനുള്ള നടപടികളിലേക്ക് ആന്‍റണി രാജുവും കടന്നിട്ടുണ്ട്. . കോടതി വിധിയുടെ പകർപ്പ് കിട്ടിയശേഷം അയോഗ്യതയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിക്കും. മൂന്നുവർഷത്തെ ശിക്ഷ ലഭിച്ചതോടെ എംഎൽഎ സ്ഥാനത്തുനിന്ന് ആന്‍റണി രാജു അയോഗ്യനാക്കപ്പെട്ടിരുന്നു.കോടതി ശിക്ഷ സ്റ്റേ ചെയ്താൽ മാത്രമേ ആൻ്റണി രാജുവിന് എംഎൽഎയായി തിരികെ എത്താനാകൂ. വിവിധ വകുപ്പുകളിലായി ആറ് മാസം മുതൽ മൂന്ന് വർഷം വരെയാണ് തടവുശിക്ഷ. 120 ബി (ഗൂഢാലോചന) പ്രകാരം ആറ് മാസം തടവ്, 201 (തെളിവ് നശിപ്പിക്കൽ) പ്രകാരം മൂന്ന് വർഷം തടവ്, 193 (വ്യാജ തെളിവ് ചമയ്ക്കൽ) പ്രകാരം മൂന്ന് വർഷം തടവ്, 409 (ക്രിമിനൽ വിശ്വാസ വഞ്ചന) പ്രകാരം രണ്ട് വർഷം തടവുശിക്ഷ- എന്നിങ്ങനെയാണ് വിധിച്ചിരിക്കുന്നത്. ശിക്ഷയെല്ലാം ചേർത്ത് പരമാവധി മൂന്ന് വർഷം അനുഭവിച്ചാൽ മതി.കേസില്‍ രണ്ടാം പ്രതിയാണ് ആന്‍റണി രാജു. ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കള്ളത്തെളിവ് ഉണ്ടാക്കല്‍, വ്യാജരേഖ ചമയ്ക്കൽ, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വിശ്വാസ വഞ്ചന എന്നീ വകുപ്പുകളാണ് തെളിഞ്ഞത്.




