‘ഇന്ന് സുഖമായി കിടന്നുറങ്ങും’; സുരേഷ് ഗോപി അവഗണിച്ച കൊച്ചുവേലായുധന് സിപിഎം നിർമിച്ച വീടിൻറെ താക്കോൽ കൈമാറി

കേന്ദ്രമന്ത്രി സുരേഷ് ഗോപി നിവേദനമടങ്ങിയ കവർ തുറന്നു പോലും നോക്കാതെ മടക്കിയ ചേർപ്പ് പുള്ളിലെ കൊച്ചു വേലായുധന് സിപിഎം നിർമിച്ച വീടിൻറെ താക്കോൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കൈമാറി. ഇന്ന് ഉച്ചയ്ക്കുശേഷം നടന്ന ചടങ്ങിലാണ് എംവി ഗോവിന്ദൻ കൊച്ചുവേലായുധന് വീടിൻറെ താക്കോൽ കൈമാറിയത്. ഇന്ന് സുഖമായി കിടന്നുറങ്ങുമെന്നായിരുന്നു താക്കോൽ വാങ്ങിയശേഷം കൊച്ചുവേലായുധൻ സന്തോഷത്തോടെ പ്രതികരിച്ചത്. വീട് നിർമിച്ച് നൽകിയതിൽ വലിയ സന്തോഷമുണ്ടെന്നും കൊച്ചുവേലായുധനും കുടുംബവും പ്രതികരിച്ചു. സിപിഎം ചേർപ്പ് ഏരിയയിലെ അംഗങ്ങൾ സമാഹരിച്ച പണം കൊണ്ടാണ് വീട് നിർമിച്ചത്. പതിനൊന്നര ലക്ഷം രൂപയ്ക്കാണ് വീട് നിർമിച്ചത്. 75 ദിവസം കൊണ്ടാണ് വീട് നിർമാണം പൂർത്തിയാക്കിയത്.



