തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലുണ്ടായ തീപിടിത്തം; സ്റ്റേഷൻ മാസ്റ്റർക്ക് നോട്ടീസ് അയച്ച് തൃശൂർ കോർപ്പറേഷൻ

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ് ഷെഡിലുണ്ടായ തീപിടിത്തത്തിൽ സ്റ്റേഷൻ മാസ്റ്റർക്ക് നോട്ടീസ് അയച്ച് തൃശൂർ കോർപ്പറേഷൻ. ഇന്ന് രാവിലെ ആറേമുക്കാലോടെയാണ് വൻ തീപിടിത്തമുണ്ടായത്. രണ്ടാം പ്ലാറ്റ്‌ഫോമിന് സമീപമുള്ള പാർക്കിങ് ഷെഡ് പൂർണമായും കത്തിനശിച്ചു. തീപിടിത്തമുണ്ടായ പാർക്കിംഗ് ഏരിയയിൽ മുൻസിപ്പാലിറ്റി ബിൽഡിംഗ് നിയമങ്ങളുടെ ലംഘനമുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
7 ദിവസത്തിനകം പരിശോധന നടത്തണമെന്നും നോട്ടീസിൽ പറയുന്നു. തീപിടിത്തത്തിൽ 500ലേറെ ബൈക്കുകളാണ് കത്തിയമർന്നത്. 5 ഫയർ യൂണിറ്റ് ഒന്നര മണിക്കൂറിലേറെ നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇന്ന് രാവിലെ ആറരയോടെയാണ് തൃശ്ശൂർ റെയിൽവേ സ്റ്റേഷന്റെ രണ്ടാം ഗേറ്റിലുള്ള ബൈക്ക് പാർക്കിംഗ് കേന്ദ്രത്തിൽ തീ പടർന്നത്. ബൈക്കുകളുടെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചതോടെ മറ്റു ബൈക്കുകളിലേക്ക് വളരെ വേഗത്തിൽ തീ ആളിപ്പടർന്നു. മൂന്ന് ജീവനക്കാരും രക്ഷാപ്രവർത്തകരും പുറത്തേക്ക് ഇറങ്ങിയോടിയതോടെ ആളപായമുണ്ടായില്ല.
റെയിൽവേ പൊലീസും നാട്ടുകാരും അറിയിച്ചതിന് പിന്നാലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പാഞ്ഞെത്തി. ഒന്നര മണിക്കൂറിലേറെ നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമായമാക്കിയത്. പാർക്കിംഗ് ഗ്രൗണ്ടിനോട് ചേർന്ന് പാളത്തിൽ നിർത്തിയിട്ടിരുന്ന എൻജിനും ഭാഗികമായി തീപിടിച്ചു. തൊട്ടടുത്ത ടിക്കറ്റ് കൗണ്ടറും തീപിടിത്തത്തിൽ കത്തിനശിച്ചു.
അഞ്ച് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷെഡിൽ ഏകദേശം 500ഓളം ബൈക്കുകൾ പാർക്ക് ചെയ്തിരുന്നതായാണ് വിവരം. പ്രാഥമിക നിഗമനമനുസരിച്ച്, അവയെല്ലാം കത്തിനശിച്ചതായി കരുതുന്നു.
തീപ്പിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ വലിയ സാമ്പത്തിക നഷ്ടമുണ്ടായതായി വിലയിരുത്തപ്പെടുന്നു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.



